റിയാദ് - ടൂറിസം മേഖലയിൽ 2030 ഓടെ പത്തു ലക്ഷം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുള്ളതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് വെളിപ്പെടുത്തി.
വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ സി.ഇ.ഒ ഗ്ലോറിയ ഗ്വുവേരയുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അഹ്മദ് അൽഖതീബ്. സൗദിയിലെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങൾ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കും. സമ്പന്നമായ സാംസ്‌കാരിക, ചരിത്ര പൈതൃകങ്ങളും സ്വദേശികളുടെ ആതിഥ്യ മര്യാദകളും രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
വൻകിട ടൂറിസം പദ്ധതികളിൽ സൗദി അറേബ്യ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി വൻകിട ടൂറിസം പദ്ധതികൾ നടപ്പാക്കിവരികയാണ്. വിദേശികൾക്ക് ടൂറിസം വിസകൾ അനുവദിക്കുന്നതിന് നിയമങ്ങൾ നിർമിച്ചിട്ടുണ്ടെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു.
വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം, കൗൺസിലിലെ സൗദി പങ്കാളിത്തം, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങളും എക്‌സിബിഷനുകളും സൗദി അറേബ്യയിൽ സംഘടിപ്പിക്കൽ എന്നിവ വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ സി.ഇ.ഒ ഗ്ലോറിയ ഗ്വുവേരയും അഹ്മദ് അൽഖതീബും കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.
വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ആഗോള തലത്തിൽ വിനോദ സഞ്ചാര വ്യവസായം വിപണനം ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ അൽഖതീബ് വിശദീകരിച്ചു. ഭാവിയിൽ ദേശീയ വരുമാനം നേടുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രധാന ഉറവിടമെന്നോണം ടൂറിസം മേഖലയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം വിഷൻ 2030 പദ്ധതി ഊന്നിപ്പറയുന്നതായി അൽഖതീബ് കൂട്ടിച്ചേർത്തു.
ഹോട്ടലുകളും റിസോർട്ടുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കമുള്ള ആതിഥേയ മേഖലയിൽ മൂന്നു ഘട്ടമായി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നീ വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്.