മക്ക - മക്കയിൽ ഹജ് തീർഥാടകർ തങ്ങുന്ന ഹോട്ടലിൽ അഗ്നിബാധ. ഫലസ്തീനിൽനിന്നുള്ള ഹാജിമാർ താമസിക്കുന്ന ഹോട്ടലിൽ ഇന്നലെ രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന 700 ഹാജിമാരെ മുൻകരുതലെന്നോണം സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണക്കുകയും ചെയ്തു. ആളപായമോ പരിക്കോ ഇല്ല. വൈദ്യുതി ഓവർലോഡ് ആണ് അഗ്നിബാധക്ക് കാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.