മക്ക - ഹജ് തീർഥാടകർ തങ്ങുന്ന കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ എല്ലാ മാസവും റിപ്പയർ ചെയ്യൽ സിവിൽ ഡിഫൻസ് നിർബന്ധമാക്കി. ഓരോ മാസവും ലിഫ്റ്റുകൾ പരിശോധിച്ച് തകരാറുകൾ പരിഹരിച്ച് നൽകുന്ന മെയിന്റനൻസ് റിപ്പോർട്ടുകൾ കെട്ടിട ഉടമകൾ സൂക്ഷിക്കുകയും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം. ഹാജിമാർക്ക് താമസ സൗകര്യം നൽകുന്ന ചില കെട്ടിടങ്ങൾ സീസണുകളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് ലിഫ്റ്റുകൾ കേടാകാൻ ഇടയാക്കും. ഇക്കാര്യം കണക്കിലെടുത്താണ് കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ എല്ലാ മാസവും റിപ്പയർ ചെയ്തിരിക്കണമെന്ന വ്യവസ്ഥ സിവിൽ ഡിഫൻസ് നിർബന്ധമാക്കിയത്.
മക്ക സിവിൽ ഡിഫൻസ് ഹജ് സീസണിൽ കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അഗ്നിശമന സംവിധാനങ്ങളുടെയും ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും ജനറേറ്ററുകളുടെയും സുസജ്ജത സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കെട്ടിടങ്ങളുടെ എമർജൻസി എക്‌സിറ്റുകൾക്കു മുന്നിലുള്ള പ്രതിബന്ധങ്ങൾ, നടവഴികളിൽ ഭക്ഷണം പാകം ചെയ്യൽ പോലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ അവ അവസാനിപ്പിക്കുന്നതിന് നിർദേശം നൽകുന്നുണ്ടെന്ന് മക്ക സിവിൽ ഡിഫൻസിലെ സുരക്ഷാ വിഭാഗം മേധാവി ലെഫ്. കേണൽ ഫവാസ് അൽസായിദി പറഞ്ഞു.
ഇത്തരം നിയമ ലംഘനങ്ങളിൽ ശിക്ഷാ നടപടികളും സ്വീകരിക്കും. സിവിൽ ഡിഫൻസ് നടപ്പാക്കുന്ന ബോധവൽക്കരണ കാമ്പയിനുകളുടെയും ശക്തമായ ഫീൽഡ് പരിശോധനകളുടെയും ഫലമായി കെട്ടിടങ്ങളിൽ സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വർധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ വലിയ തോതിൽ കുറയുന്നതിന് ഇത് ഇടയാക്കിയതായും ലെഫ്. കേണൽ ഫവാസ് അൽസായിദി പറഞ്ഞു.