ബീശ - വിദ്യാഭ്യാസം നേടണമെന്ന വാശിക്കു മുന്നിൽ 81 കാരനായ സൗദി പൗരൻ അബ്ദുല്ല ബിൻ ശാഫി ബിൻ മുശബ്ബബിന് പ്രായം തടസ്സമല്ല. എഴുത്തും വായനയും പഠിക്കണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നിരക്ഷരതാ നിർമാർജന ക്ലാസിൽ ചേർന്നിരിക്കുകയാണ് അബ്ദുല്ല മുശബ്ബബ്. ബീശ വാദി ജമഹിലെ സ്‌കൂളിലാണ് അബ്ദുല്ല മുശബ്ബബ് ചേർന്നിരിക്കുന്നത്. പന്ത്രണ്ടുകാരനായ മകൻ സാമിക്കൊപ്പം നടന്നാണ് അബ്ദുല്ല ദിവസേന സ്‌കൂളിലെത്തുന്നത്. വൃദ്ധനായ പിതാവിന്റെ സ്‌കൂൾ ബാഗ് മകനാണ് വഹിക്കുന്നത്.
കാറോടിക്കാൻ അറിയാത്തതിനാലാണ് പിതാവ് സ്‌കൂളിലേക്ക് നടന്നുപോകുന്നതെന്ന് അബ്ദുല്ല മുശബ്ബബിന്റെ മറ്റൊരു മകനായ സഫർ പറഞ്ഞു. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഏറെ ദൂരമുണ്ട്. പ്രദേശത്ത് നിരക്ഷരതാ നിർമാർജന പ്രോഗ്രാമിൽ ആദ്യമായി ചേർന്നവരിൽ ഒരാളാണ് തങ്ങളുടെ പിതാവ്. ഇളയ സഹോദരൻ സാമിയാണ് പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നത്. ക്ലാസിൽ വെച്ച് എഴുത്തും വായനയും അഭ്യസിക്കുന്നതിന് പിതാവിനെ സാമി സഹായിക്കുന്നതായും സഫർ മുശബ്ബബ് പറഞ്ഞു.
നിരക്ഷരതാ നിർമാർജന പദ്ധതിയിൽ ചേർന്ന വയോജനങ്ങൾക്കും മക്കൾക്കും വേണ്ടി ബീശ വിദ്യാഭ്യാസ വകുപ്പിലെ വേനലവധിക്കാല ബോധവൽക്കരണ, നിരക്ഷരതാ നിർമാർജന കാമ്പയിൻ വിഭാഗം രണ്ടാഴ്ച നീളുന്ന കായിക വിനോദങ്ങളും സംഘടിപ്പിച്ചിരുന്നു. നിരക്ഷരതാ നിർമാർജന ക്ലാസുകളിലെ ബീശ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പതിമൂന്നു കേന്ദ്രങ്ങളിലെയും പഠിതാക്കളുടെ മക്കൾക്കു വേണ്ടി ഫുട്‌ബോൾ മത്സരവും പഠിതാക്കൾക്കു വേണ്ടി നടത്ത മത്സരവും സംഘടിപ്പിച്ച് വിജയികൾക്ക് വിലപിടിച്ച സമ്മാനങ്ങൾ വിതരണം ചെയ്തു.