മലപ്പുറം- എക്‌സൈസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇൻസ്‌പെക്ടർക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂർ റേഞ്ച് ഓഫീസർ മനോജിന് നേരെയാണ് പ്രതി കോട്ടയം സ്വദേശിയും മയക്കുമരുന്ന് മാഫിയാ സംഘത്തിലെ കണ്ണിയുമായ ജോർജ് കുട്ടി നിലമ്പൂർ കാളിക്കാവിനടുത്ത് വാണിയമ്പലത്ത് വെച്ച് വെടിയുതിർത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മയക്കുമരുന്നു കേസിൽ പിടിയിലായ ജോർജ് കുട്ടി എക്‌സൈസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു.തെളിവെടുപ്പിനായി ഇയാളെ ബാംഗ്ലൂരിൽ കൊണ്ടു പോയപ്പോൾ അവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന് ഇയാൾക്കായി എക്‌സൈസ് സംഘം തെരച്ചിൽ നടത്തി വരികയായിരുന്നു. കാളിക്കാവിനടുത്ത വാണിയമ്പലത്തുള്ള ഭാര്യയുടെ വീട്ടിൽ ജോർജ്കുട്ടി എത്തിചേരാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ രഹസയാന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി ഇയാൾ എത്തിയ വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ വീട് വളയുകയായിരുന്നു. ഇതിനിടെയാണ് പ്രതി വെടിയുതർത്തത്. കാലിൽ വെടിയേറ്റിട്ടും ഇൻസ്പെക്ടർ മനോജ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സാഹസികമായി പ്രതിയെ പിടികൂടി. മനോജ് വണ്ടൂരിലുള്ള നിംസ് ഹോസ്പ്പിറ്റലില് ചികിത്സയിലാണ്. വലത് കാലിന്റെ മുട്ടിന് താഴെയായി കാഫ് മസിലിന്റെ ഒരു ഭാഗത്തേറ്റ വെടിയുണ്ട മറുവശത്തുകൂടി തെറിച്ചുപോയ നിലയിലാണ്. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ മനോജിന്റെ നില തൃപ്തികരമാണ്.
ഐ.ബി. പ്രിവന്റിവ് ഓഫീസർ ഷിജുമോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടാനുള്ള ആസൂത്രണം നടന്നത്. ഒരാഴ്ചയായി നടത്തിയ രഹസ്യാന്വേഷണ ത്തിനൊടുവിലാണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. കാളികാവ് റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥനായ സവാദ് നാലകത്തിന്റെ സഹായത്തോടു കൂടി തിങ്കളാഴ്ച ഉച്ച മുതൽ സമീപത്തുള്ള വീട്ടുകാരുടെ സഹകരണം ഉറപ്പാക്കി പ്രതി ഒളിവിൽ കഴിയുന്ന വീട് കണ്ടെത്തുകയായിരുന്നു. തുടർന്ന് നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ മനോജ്, വഴിക്കടവ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ സജിമോൻ, തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് എത്തിച്ചേർന്ന ഇൻസ്പെക്ടർ കൃഷ്ണകുമാർ, മറ്റ് എക്സൈസ് ഉദ്യോഗസ്ഥരായ മധുസൂദനൻ, ഷിജുമോൻ നിലമ്പൂർ റേഞ്ചിലെ ഉദ്യോഗസ്ഥരായ റിജു, സുലൈമാൻ, കാളികാവ് ഓഫീസിലെ ഉദ്യോഗസ്ഥരായ അരുൺ കുമാർ, സതീഷ്, ലിജിൻ, സുഭാഷ്. വി, ദിനേഷ്, ശങ്കരനാരായണൻ എന്നിവർ സംഭവസ്ഥലത്തിന് തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് എക്സൈസ് ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞു. തുടരെ വാതിലിൽ മുട്ടിയിട്ടും മറുപടിയുണ്ടായില്ല. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴേക്കും വീടിനകത്ത് നിന്ന് പ്രതി വെടിയുതിർത്തു. വെടിയുതിർത്ത് ഭീതി എക്സൈസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിച്ച് ഓടി രക്ഷപ്പെടുക എന്നതായിരുന്നു ഉദ്ദേശ്യം. എക്സൈസ് ജീവനക്കാരനായ റിജു പിറകെ ഓടി ലാത്തി ഉപയോഗിച്ച് പ്രതിയെ പിറകിൽ നിന്ന് അടിച്ച് വീഴ്ത്തി കീഴടക്കുകയായിരുന്നു. കാലിൽ വെടിയേറ്റ വിവരം ഇൻസ്പെക്ടർ മനോജ് അപ്പോൾ മാത്രമാണ് മറ്റുള്ളവരെ അറിയിച്ചത്. ഉടൻതന്നെ വണ്ടൂരിലുള്ള നിംസ് ഹോസ്പ്പിറ്റലിലെത്തിക്കുകയായിരുന്നു.