കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ആനക്കുളം പ്രദേശത്തെ കുടുക്കത്തു പാറയും ഇതുമായി ബന്ധപ്പെട്ട പ്രദേശവും സഞ്ചാരികളെ മാടിവിളിക്കുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ദൃശ്യ വിസ്മയങ്ങളിൽ ഒന്നാണ് കുടുക്കത്തുപാറയും അതിനു ചുറ്റുമുള്ള വനപ്രദേശവും.
ആനക്കുളം ജംഗ്ഷനിൽനിന്നു വനപാതയിലൂടെ സഞ്ചരിച്ച് കുടുക്കത്തുപാറയിൽ എത്താം. അവിടെനിന്നു കുന്നുകയറി പാറയുടെ നെറുകയിൽ എത്തിയാൽ നാലു ചുറ്റും നോക്കെത്താദൂരം വരെ പ്രകൃതിമനോഹര ദൃശ്യങ്ങളാണ്. കിഴക്കു തെക്കു ഭാഗത്ത് പൊന്മുടി മലനിരകളും സഹ്യപർവത മലനിരകളും കാണാം. പടിഞ്ഞാറ് തെളിഞ്ഞ കാലാവസ്ഥയിൽ തങ്കശേരി വിളക്കുമരത്തിന്റെ പ്രകാശം വരെ സന്ധ്യാസമയത്ത് കാണാനാകും.
കുടുക്കത്തു പാറയിൽ തന്നെ സായിപ്പ് ഗുഹ, ട്രെയിൻ പാറ, കാവ് എന്നിവയും കാണാം. പാറ ആരംഭിക്കുന്നിടത്തുനിന്നു മലമുകളിലേക്ക് ഇരു സൈഡിലും കൈവരികളോടു കൂടിയ പടികളുണ്ട്. പടി കയറി ക്ഷീണിക്കുമ്പോൾ ചാരി ഇരിക്കുന്നതിന് ഇടവിട്ട് ബെഞ്ചുമുണ്ട്. പടികൾ കയറുന്നതിന് ആവശ്യമായവർക്കു താങ്ങായി പിടിച്ചുകയറാനാണ് പടികളുടെ ഇരു സൈഡിലും ഇരുമ്പു പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
അഞ്ചൽ ടൗണിൽനിന്നു എട്ടു കിലോമീറ്റർ അഞ്ചൽ ആനക്കുളം ഓന്തുപച്ച റോഡിൽ സഞ്ചരിച്ചാൽ കുടുക്കത്തു പാറയിലെത്താം. തിരുവനന്തപുരം കുളത്തൂപ്പുഴ റോഡിൽ ഓന്തുപച്ചയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടെയെത്താം.അവധി ദിവസങ്ങൾ ആഘോഷിക്കാൻ മികച്ച ഒരിടമാണിത്.
(ട്രാവലേഴ്‌സ്)