Sorry, you need to enable JavaScript to visit this website.

റിയാദ് മെട്രോ: പകുതിയിലേറെ നിർമാണം പൂർത്തിയായി 

റിയാദ്- തലസ്ഥാന നഗരവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാദ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ 53 ശതമാനം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെട്രോ യാഥാർഥ്യമാകുന്നതോടെ റിയാദിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. പെരുന്നാൾ അവധി ദിനങ്ങളിൽ പോലും കരാർ ഏറ്റെടുത്ത കമ്പനികൾ മെട്രോയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. 
അത്യാധുനിക സൗകര്യങ്ങളുള്ള ബോഗികൾ റിയാദ് മെട്രോയുടെ ഭാഗമായ ട്രെയിനുകളിൽ ഉണ്ടാകും. ഓരോ പാതയുടെയും നിറം അതിലൂടെയുള്ള ട്രെയിനുകളുടേതിന് സമാനമായിരിക്കുമെന്നതാണ് മെട്രോയുടെ മറ്റൊരു സവിശേഷത. പൂർണമായും എ.സി സംവിധാനം സജ്ജമാക്കുന്ന 85 സ്റ്റേഷനുകളിലും ഇന്റർനെറ്റും ടെലിഫോൺ സൗകര്യമുണ്ടായിരിക്കും. കൂടാതെ, ഷോപ്പിംഗ് സെന്ററുകളും കാർ പാർക്കിംഗുകളും ഉണ്ടായിരിക്കും. സ്റ്റേഷനുകൾക്ക് ആവശ്യമായ വൈദ്യുതിയുടെ 20 ശതമാനമെങ്കിലും സോളാർ പാനലുകളിൽനിന്ന് ലഭ്യമാക്കും. ബസുകളെ റെയിൽവെയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനുകളിലായിരിക്കും പ്രധാനപ്പെട്ട നാല് സ്റ്റേഷനുകളെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
നഗരത്തിൽ അത്യാധുനിക രീതിയിൽ ഗതാഗതം സാധ്യമാക്കുന്നതിന് ആവിഷ്‌കരിച്ച കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ വീഡിയോ ഈയിടെ റിയാദ് ഡിവലപ്‌മെന്റ് സുപ്രീം അതോറിറ്റി പ്രദർശിപ്പിച്ചിരുന്നു. നിർദിഷ്ട മെട്രോക്ക് അനുബന്ധമായി തലസ്ഥാന നഗരിയുടെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത രൂപത്തിൽ ബസ് സർവീസുകൾ കൂടി ഉൾപ്പെടുന്നതാണ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. 2013ന്റെ അവസാനത്തിൽ തുടക്കം കുറിച്ച നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് അതോറിറ്റിയുടെ നിഗമനം. ആകെ 176 കിലോമീറ്റർ നീളത്തിൽ ആറ് പാതകളിലായാണ് മെട്രോ നിർമാണം പുരോഗമിക്കുന്നത്. നിലവിൽ 225ൽ അധികം സ്ഥലങ്ങളിൽ ഒരേസമയം പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. റിയാദിന്റെ മുഴുവൻ ഭാഗങ്ങളിലൂടെയുമായി 1150 കിലോമീറ്റർ നീളത്തിലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ മെയ് 31ന് ആധുനിക സൗകര്യങ്ങളോടുയുള്ള 1000 ബസുകൾ ഇറക്കുന്നതിന് ജർമനിയിലെ മെഴ്‌സിഡൻസ് ബെൻസ് കമ്പനിയുമായും മാൻ കമ്പനിയുമായും കരാറിൽ ഒപ്പു വെച്ചിരുന്നു.
കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി സമ്പദ്‌വ്യവസ്ഥിതിക്ക് മുതൽക്കൂട്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പദ്ധതി യാഥാർഥ്യമാകുന്നതോടെ, നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വൻകിട നിക്ഷേപക കമ്പനികൾ രാജ്യത്തേക്ക് കടന്നുവരികയും ചെയ്യും. ഇതിലുപരി, 75 ശതമാനം ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടെ വാഹനാപകടങ്ങളുടെ തോത് ക്രമാമീതമായി കുറയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

Latest News