കണ്ണൂർ- യുവാവിനെയും യുവതിയേയും ഹണി ട്രാപ്പിൽപെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയ സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
ശ്രീകണ്ഠപുരം സ്വദേശി മൊട്ടമ്മൽ ഷറഫുദ്ദീൻ (44) നൽകിയ പരാതിയിൽ പുതിയങ്ങാടി സ്വദേശികളായ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന നബീസ, ഇവരുടെ സഹോദരൻ മുനീർ, നബീസയുടെ മകൾ ഷാഹിദ, ഷാഹിദയുടെ ഭർത്താവ് ഷാനിദ്, സുഹൃത്ത് ജാബി എന്ന ജാബിദ് എന്നിവർക്കെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. മുനീറിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ശ്രീകണ്ഠപുരത്ത് സ്വകാര്യ ആശുപത്രി കാന്റീൻ നടത്തി വരികയായിരുന്ന ഷറഫുദ്ദീന്, പെരിങ്ങോം വയക്കരയിലെ ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഈ യുവതിക്കു നബീസ പണം നൽകാനുണ്ടായിരുന്നു. പണം വാങ്ങാൻ തന്റെ കാറിൽ കഴിഞ്ഞ ദിവസം ഷറഫുദ്ദീൻ യുവതിക്കൊപ്പം പുതിയങ്ങാടിയിൽ നബീസയുടെ വീട്ടിലെത്തി. എന്നാൽ ഷറഫുദ്ദീനേയും യുവതിയേയും ഒരു ക്വാട്ടേഴ്‌സിൽ വിളിച്ചു കയറ്റിയ ശേഷം പ്രതികൾ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്തു. പിന്നീട് അടിവസ്ത്രം മാത്രം ധരിപ്പിച്ച് യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും ചെയ്തു. പിന്നീട് കത്രിക വയറ്റിൽ കുത്തി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന 4,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ജാബി എന്ന ജാബിറാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഷറഫുദ്ദീനേയും യുവതിയേയും കാറിൽ കയറ്റി ജാബിർ കാർ ഓടിച്ച് പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം എത്തുകയും അരലക്ഷം രൂപ ഉടൻ തന്നില്ലെങ്കിൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പോകാനനുവദിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഷറഫുദ്ദീൻ പോലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് കൈമാറും. കസ്റ്റഡിയിലെടുത്ത മുനീറിനെ സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.