തൃശൂർ- പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ മാതാവിനെ പരിചരിക്കാനെത്തിയ പന്ത്രണ്ടുകാരിയെ ഭീഷണിപ്പെടുത്തി ബാത്‌റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ കുരുവിലശ്ശേരി മാള വലിയപറമ്പ് മുണ്ടശ്ശേരി വീട്ടിൽ രാമദാസിനെ (43) യാണ് ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. തൃശൂർ ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ.ആർ.മധുകുമാറാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കൂടുതൽ കഠിനതടവ് അനുഭവിക്കണം.
2009 സെപ്തംബർ 23 നാണ് കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിക്കും മാതാവിനുമൊപ്പം തമിഴ് നാട്ടിലെ തിരുപ്പൂർ ചന്ദ്രാപുരത്തുള്ള വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. അതിനിടയിൽ അസുഖബാധിതയായപ്പോൾ കുട്ടിയുടെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള കുട്ടിയുടെ മാതാവിനെ പരിചരിക്കാനെന്ന വ്യാജേനെ പ്രതി ആശുപത്രിയിൽ വരാറുണ്ടായിരുന്നു. തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ ഗർഭിണിയായ അമ്മയെ വയറ്റിൽ ചവുട്ടി കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. തിരുപ്പൂരിൽ വാടക വീട്ടിൽ കഴിയുമ്പോഴും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചിരുന്നുവത്രെ. ഭീഷണിയിൽ ഭയന്ന് കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിലും ശല്യം തുടർന്നതിനെത്തുടർന്ന് വാർഡിലെ നഴ്‌സിനോട് കുട്ടി സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ പേരാമംഗലം എസ്.ഐ ആയിരുന്ന എം.ജെ.അഗസ്റ്റിനെ സംഭവം അറിയിച്ചതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുന്നംകുളം സി.ഐ ആയിരുന്ന ഹരിദാസാണ് കേസന്വേഷണം നടത്തിയത്.
കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രത്യേകം ഹരജി നൽകി എസ്.എസ്.എൽ.സി പുസ്തകം ഹാജരാക്കുകയായിരുന്നു. ഇതടക്കം പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 17 രേഖകളും രണ്ടു തൊണ്ടിമുതലുകളും ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതി പിഴയടക്കുന്ന പക്ഷം പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്നും ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ, അഡ്വ. പി.കെ.മുജീബ് എന്നിവർ ഹാജരായി.