Sorry, you need to enable JavaScript to visit this website.

ഡി.ജി.പി ജേക്കബ് തോമസിലൂടെ  സർക്കാരിനേറ്റത് കനത്ത തിരിച്ചടി

തിരുവനന്തപുരം - പോലീസ് മുൻ മേധാവി ടി.പി.സെൻകുമാറിന് പിന്നാലെ ഡി.ജി.പി ജേക്കബ് തോമസിലൂടെയും പിണറായി സർക്കാരിനേറ്റത് കനത്ത തിരിച്ചടി. ടി.പി.സെൻകുമാർ കേസിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതാണ് സർക്കാരിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 
പൊതുജന താൽപര്യത്തിനു വിരുദ്ധമായ സർക്കാർ നിലപാടുകളെ എതിർത്തും ശരി ചൂണ്ടിക്കാട്ടിയും മുന്നോട്ടു നീങ്ങിയ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരായാണ് പിണറായി സർക്കാർ പക വീട്ടിയത്.
സെൻകുമാറിന്റെ നിയമനം അപ്പീലിലൂടെ പരമാവധി വൈകിപ്പിച്ച് വിരമിക്കാൻ ആഴ്ചകൾ ഉള്ളപ്പോൾ തിരികെ നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനെ മറികടക്കുക പിണറായിക്ക് അസാധ്യമായിരിക്കും.
സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റി ജൂനിയറായ ലോക്‌നാഥ് ബെഹ്‌റയെ നിയോഗിച്ചത് ജിഷാ കേസിലെ കുറവുകൾ പറഞ്ഞായിരുന്നു. രണ്ട് കൊല്ലം ഡി.ജി.പി സ്ഥാനത്ത് ഒരാൾക്ക് നൽകിയേ മതിയാകൂവെന്ന സുപ്രീം കോടതി നിർദേശമാണ് ലംഘിച്ചത്. ഈ കേസിൽ ജയം ഉറപ്പായ സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെയാണ് കേസ് കൊടുത്തത്. ഇത് ട്രിബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും കടന്ന് അപ്പീലിലൂടെ വിജയത്തിലേക്ക് എത്തുകയായിരുന്നു. അതിനാൽ മാസങ്ങളോളം സർവീസിൽ നിന്നും മാറി നിൽക്കേണ്ടിവന്നു. എന്നാൽ സെൻകുമാർ സസ്‌പെൻഷനിലായിരുന്നില്ല.
സെൻകുമാറിനോട് വൈരാഗ്യം തീർത്ത പോലെയാണ് ജേക്കബ് തോമസിനെതിരെയും സർക്കാർ നിലപാട് കൈകൊണ്ടത്. ഇടതു സർക്കാരിലെ മന്ത്രിമായായ ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ കേസുകളിൽ നീതിപൂർവമായ നിലപാട് സ്വീകരിച്ചതോടെ ജേക്കബ് തോമസ് പിണറായിയുടെ കണ്ണിലെ കരടായി. 
ജയരാജന്റെ ബന്ധു നിയമനക്കേസിലും ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസിലും കൃത്യമായ നിലപാടായിരുന്നു ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണു 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥ ജേക്കബ് തോമസ് അനുമതിയില്ലാതെ എഴുതിയത് സർവീസ് ചട്ടലംഘനമാണെന്ന് കാട്ടി വകുപ്പുതല നടപടി സ്വീകരിച്ചത്. ഓഖി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിനാണ് കഴിഞ്ഞ ഡിസംബർ 20 നു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെന്റു ചെയ്തത്. രണ്ടു തവണ സസ്‌പെന്റു ചെയ്തിട്ട് നാലുതവണ സസ്‌പെൻഷൻ നീട്ടുകയായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനും നേരിടാത്ത സസ്‌പെൻഷൻ നടപടിയാണ് ജേക്കബ് തോമസിന് പിണറായിയിൽ നിന്നും നേരിടേണ്ടി വന്നത്. 

 

Latest News