Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട ജ്വല്ലറി കവർച്ച; അഞ്ചു പേർ പിടിയിൽ

പത്തനംതിട്ട- നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ നിന്ന് നാലരക്കിലോയിലധികം സ്വർണവും 13 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിലായി. സേലത്ത്‌നിന്നാണ് കവർച്ച സംഘത്തിലെ അഞ്ചു പേർ പിടിയിലായത്. ഗണപതി ജാധവ്, ദാദാ സാഹിബ്, ആസാദ്, പ്രസാദ് ജാധവ് എന്നിവരാണ് പിടിയിലായത്. സ്വർണവും പണവും ഇവരിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം. സേലത്ത് വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തെത്തി.
മുത്താരമ്മൻകോവിലിനുസമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ കവർച്ച നടന്നത്. മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് ഞായറാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരുവാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
മോഷണസംഘത്തിനൊപ്പം പോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മർദിച്ച് അവശനാക്കി കോഴഞ്ചേരിയിൽ ഇറക്കിവിട്ടെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്. 15 ദിവസം മുൻപാണ് അക്ഷയ് ഇവിടെ ജോലിക്കെത്തിയത്.
ഞായറാഴ്ച അവധി ആയതിനാൽ കട തുറന്നിരുന്നില്ല. ഉടമസ്ഥനായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് മറ്റൊരു ഇടപാടുകാരനുവേണ്ടി ജീവനക്കാരനായ സന്തോഷും അക്ഷയും ചേർന്ന് ജ്വല്ലറി തുറന്നു. അധികം കഴിയും മുൻപ് മറാത്തി സംസാരിക്കുന്ന നാലുപേർ ജ്വല്ലറിയിലെത്തി. ലോക്കർ ഇരിക്കുന്ന ഭാഗത്തേക്ക് കയറിയ സന്തോഷിനുപിന്നാലെ ഇവരും ബലമായി അകത്തേക്കുകടന്നു. അക്ഷയും ഈസമയത്ത് ലോക്കർ മുറിയിലുണ്ടായിരുന്നു. അകത്തു കടന്ന സംഘം സന്തോഷിനെ മർദിച്ചശേഷം കൈകാലുകൾ കെട്ടിയിട്ടു. വായിൽ തുണിതിരുകിയശേഷം ലോക്കറിലിരുന്ന സ്വർണവും പണവും സംഘം കൈയിൽ കരുതിയിരുന്ന ബാഗിനുള്ളിലാക്കി. ഈ സമയം സ്വർണം വാങ്ങാനെത്തിയ ഇടപാടുകാരെ കണ്ട അക്ഷയ് ലോക്കർ മുറിയിൽനിന്ന് ഇറങ്ങിവന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറി. അവർ ആവശ്യപ്പെട്ട സ്വർണം നൽകുകയും ചെയ്തു. ഇതിനിടയിൽ, പുറത്തേക്കുവന്ന കവർച്ചാ സംഘത്തിനൊപ്പം അക്ഷയും വേഗം കടയിൽനിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറിപ്പോയി. അൽപ സമയത്തിനുശേഷം ചോരയൊലിപ്പിച്ചിറങ്ങിവരുന്ന സന്തോഷിനെക്കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി. ഇതോടെയാണ് മോഷണം പുറത്തറിയുന്നത്.
ജ്വല്ലറിയിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്‌കും ഊരിയാണ് കവർച്ചാസംഘം പോയത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ആഡംബര വാഹനത്തിലാണ് ഇവർ കയറിപ്പോയതെന്നാണ് ഓട്ടോറിക്ഷക്കാരൻ നൽകിയ വിവരം.
ജ്വല്ലറിയിലെ ജീവനക്കാരനും ഉടമയുടെ ബന്ധുവുമായ അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾ എല്ലാവരും മഹാരാഷ്ട്ര സ്വദേശികളാണ്. പ്രധാന പ്രതിയായ നിഥിൻ യാദവിനേയും സംഘത്തേയും സേലത്ത് വച്ച് തമിഴ്‌നാട് പോലീസ് പിടികൂടുകയായിരുന്നു. കവർച്ച നടന്ന് രണ്ട് മണിക്കൂറിന് ശേഷം അക്ഷയ് പാട്ടീൽ ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് തന്നെ കവർച്ച നടത്താൻ പ്രേരിപ്പിച്ചതെന്നും മർദിച്ച് കോഴഞ്ചേരി തെക്കേമലയിൽ ഇറക്കി വിട്ടെന്നും പറഞ്ഞു. ബന്ധുക്കൾ അപ്പോൾ തന്നെ ജ്വല്ലറി ഉടമ സുരേഷ് സേട്ടിനേയും പോലീസിനേയും വിവരം അറിയിച്ചു. പോലീസിന്റെ നിർദേശ പ്രകാരം ബന്ധുക്കൾ ഇയാളോട് പോലീസ് സ്‌റ്റേഷനിലെത്തി നിരപരാധിത്വം തെളിയിച്ചാൽ രക്ഷപ്പെടാമെന്ന് പറയുകയും ഇത് വിശ്വസിച്ച അക്ഷയ് പാട്ടീൽ സ്‌റ്റേഷനിലെത്തുകയുമായിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അക്ഷയ് പാട്ടീൽ കുറ്റം സമ്മതിച്ചതെന്ന് എസ്.പി പറഞ്ഞു.
ഒന്നര വർഷം മുമ്പാണ് പത്തനംതിട്ടയിൽ കൃഷ്ണ ജ്വല്ലറി പ്രവർത്തനമാരംഭിക്കുന്നത്. അക്ഷയ് പാട്ടീൽ ഒരാഴ്ചയേ ആയുള്ളു ജോലിയ്ക്ക് കയറിയിട്ട്. സുരേഷ് സേട്ടിന്റെ തന്നെ നെയ്യാറ്റിൻകരയിലുള്ള കടയിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയായ നിഥിൻ യാദവ് മഹാരാഷ്ട്രയിലെ വിവിധ മോഷണം, ക്രിമനൽ കേസുകളിലെ പ്രതിയാണ്. ഞായറാഴ്ച രാത്രി 12 ന് ആണ് സേലത്ത് നിന്ന് നാല് പ്രതികൾ പിടിയിലാകുന്നത്. ഈ സമയം നിഥിൻ യാദവ് സ്വർണവുമായി കടന്നു കളഞ്ഞിരുന്നു. ഇയാൾ സേലത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടു കൂടി ഇന്നലെ രാവിലെ 9 ന് സേലം പരിസരത്ത് നിന്നാണ് നിധിൻ യാദവിനെ പിടിക്കുന്നത്. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് പത്തനംതിട്ടയിൽ കോടതിയിൽ ഹാജരാക്കും.
ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവ്, സി.ഐ ന്യൂമാൻ, എസ്.ഐമാരായ കുരുവിള ജോർജ്, അഷ്‌റഫ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ രഞ്ജു, എഎസ്.ഐമാരായ രാധാകൃഷ്ണൻ, വിൽസൺ, എസ്.സി.പി.ഒമാരായ വിനോദ്, അജികുമാർ, സി.പി.ഒ ലിജു, സൈബർ സെൽ എസ്.സി.പി.ഒ ശ്രീകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


 

Latest News