ദമാം - സൗദി പൗരൻ അഹ്മദ് അൽബൂശലിന്റെ പിഞ്ചുകുഞ്ഞ് മുശാരി കൊല്ലപ്പെട്ട കേസിൽ ആരോപണ വിധേയയായ ഇന്തോനേഷ്യൻ വേലക്കാരിക്ക് ദമാം കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. വേലക്കാരിക്ക് അഞ്ചു വർഷം തടവും 500 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ കാലം മുതൽ ശിക്ഷാ കാലം പരിഗണിക്കുന്നതിനും കോടതി നിർദേശിച്ചു. പിഞ്ചുബാലൻ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് മൂന്നു ആശുപത്രികൾ നൽകിയ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമായി സ്ഥിരീകരിക്കാത്തതിനാലും പര്യാപ്തമായ തെളിവുകളില്ലാത്തതിനാലും വേലക്കാരിക്ക് വധശിക്ഷ വിധിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
ഒമ്പതു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നാലു മാസം മാത്രം പ്രായമുള്ള മുശാരി അൽബൂശൽ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു. മാതാവിന്റെ അഭാവത്തിൽ കുഞ്ഞിന്റെ മുലക്കുപ്പിയിൽ വേലക്കാരി എലി വിഷം കലർത്തിയെന്നും ഇത് അറിയാതെ മാതാവ് പാൽ നൽകിയതാണ് കുഞ്ഞ് മരണപ്പെടാൻ ഇടയാക്കിയതെന്നുമാണ് കുടുംബം ആരോപിച്ചിരുന്നത്. കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും ആശുപത്രികളിൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കേസ് വിചാരണയുടെ തുടക്കത്തിൽ വേലക്കാരി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇവർ പിന്നീട് ആരോപണം നിഷേധിക്കുകയും മുലക്കുപ്പിയിൽ വിഷം കലർത്തിയിട്ടില്ല എന്നതിന് ജഡ്ജിക്കു മുന്നിൽ ആണയിടുകയുമായിരുന്നു.