മംഗളൂരു- പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവുമായ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ (72) അന്തരിച്ചു. കൂർഗ് ജംഇയത്തുൽ ഉലമ അധ്യക്ഷനും അൽ മദീന സ്ഥാപകനും ചെയർമാനുമാണ്. കർണാടകയിലെ കുടക് ജില്ലയിൽ മടിക്കേരിക്കടുത്ത് ഹാക്കത്തൂരിൽ 1946ൽ ആണ് ജനനം. ആദൂർ കൊട്ടിയാടി മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്ടെ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഹാക്കത്തൂരിലെ ഓത്തുപള്ളിയിൽ അഹ്മദ് മുസ്‌ലിയാരിൽ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കൊണ്ടങ്കേരി അബ്ദുല്ല മുസ്‌ലിയാരുടെ ദർസിൽ അഞ്ച് വർഷം മതപഠനം തുടർന്നു. പിന്നീട് തളിപ്പറമ്പ് തിരുവട്ടൂരിലെ പണ്ഡിതനും സൂഫിവര്യനുമായ മുഹമ്മദ്കുഞ്ഞി മുസ്‌ലിിയാരുടെ അടുക്കലിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം ഉസ്താദിന്റെ ശിക്ഷണത്തിൽ ആത്മീയ ലോകത്തേക്ക് പാദമൂന്നി. കർണാടകയിൽ സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തനം വിപുലമാക്കുന്നതിലും വിദ്യാഭ്യാസ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചു. ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഖാദർ സഖാഫി, മുഹമ്മദ് കുഞ്ഞി അംജദി, അബ്ദുല്ല, സിദ്ദീഖ്, അബൂ സ്വാലിഹ്, ആയിശ, ഫാത്തിമ, സൈനബ. മരുമക്കൾ: അബൂബക്കർ മദനി തലക്കി, അബ്ദുർ റഹ്മാൻ മദനി പടന്ന, അബ്ദുൽ ജബ്ബാർ മിസ്ബാഹി മൗക്കോട്, സീനത്ത്, ഹബീബ, സഫ്‌വാന.