ദുബായ്- ബഹിരാകാശത്ത് മരങ്ങള്‍ നട്ടുവളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എ.ഇയില്‍നിന്നുള്ള പന വിത്ത് ബഹിരാകാശത്തെ സ്ഥിരം പര്യവേഷണകേന്ദ്രമായ ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷനില്‍ എത്തിച്ചു. അമേരിക്കയില്‍നിന്ന് വിക്ഷേപിച്ച 'ഫാല്‍ക്കണ്‍ 9' എന്ന റോക്കറ്റ് വഴിയാണ് വിത്ത് ബഹിരാകാശത്ത് എത്തിച്ചത്. യു.എ.ഇയില്‍നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികനായി ഹസ അല്‍ മന്‍സൂരി സെപ്റ്റംബര്‍ 25ന് പറന്നുയരുന്നതിന് മുന്നോടിയായാണ് വൃക്ഷവിത്ത് എത്തിച്ചത്. 'ദി സോയസ് എം.എസ് 15' എന്ന ബഹിരാകാശവാഹനത്തില്‍ സെപ്റ്റംബര്‍ 25 ന് യാത്രയാരംഭിച്ച് ഹസ മന്‍സൂരി ഒക്ടോബര്‍ മൂന്നിന് തിരിച്ചെത്തും.
വൃക്ഷവിത്ത് പിന്നീട് തിരിച്ചെത്തിച്ച് വളര്‍ച്ചാഘട്ടങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തും. സമാനമായ മറ്റൊരു വിത്ത് കോളജ് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറിലും വളര്‍ത്തുന്നുണ്ട്. രണ്ടിന്റെയും വളര്‍ച്ച താരതമ്യം ചെയ്യാനാണിത്. പ്രതികൂലമായ അവസ്ഥയിലും വളരാനുള്ള ശേഷിയാണ് പന വിത്ത് പരിഗണിക്കാന്‍ കാരണം. യു.എ.ഇയുടെ ബഹിരാകാശ പര്യവേഷണ, ഗവേഷണ ചരിത്രത്തില്‍ നിര്‍ണായകമായ ഏടായിരിക്കും വിത്ത് എത്തിച്ചത്. ഭാവിയിലെ ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ടുള്ള നീക്കമാണിത്.