Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാൻ ചോദിച്ചു: അറിയുമോ, അറാർ എന്നതിന്റെ അർഥം?  

മലയാളം ന്യൂസ് പത്രം ഞാനടക്കമുള്ള മലയാളികളുടെ ജീവിതത്തിൽ  സ്വാധീനമുണ്ടാക്കിയ ഒന്നാണെന്ന് പ്രത്യേകം എടുത്തു പറയുന്നതിൽ അഭിമാനമുണ്ട്. സൗദിയുടെ വടക്കൻ അതിർത്തിയിലേക്ക് മലയാളം ന്യൂസ് പത്രത്തിന്റെ പ്രതിനിധിയായി സാദിഖ് മൂന്നൂര് ഒരിക്കൽ അറാറിൽ വരികയുണ്ടായി. അന്നു മുതലാണ് ഞാൻ മലയാളം ന്യൂസിനെ പരിചയപ്പെടുന്നത്. സൗദിയിലെ മലയാളികൾ നാട്ടിലെ വാർത്തകൾക്ക് ആശ്രയിച്ചിരുന്നത് നാട്ടിൽ നിന്നും ആഴ്ചയിൽ മൂന്ന് തവണയായി വരുന്ന പത്രങ്ങളെയായിരുന്നു. ഗൾഫിലെ വിശേഷങ്ങളൊന്നും തന്നെ പരസ്പരം ആരും അറിയുന്നില്ല .
മലയാളം ന്യൂസ് എന്നൊരു പത്രം സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു എന്നത് അചിന്ത്യമായ ഒന്നായിട്ടാണ് മലയാളികൾക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അത് യാഥാർഥ്യമായി.
മലയാളം ന്യൂസ് പത്രത്തിന്റെ വരവോടെയാണ് അത് വരെ ഇല്ലാതിരുന്ന പല സംഘടനകളും രൂപീകരിക്കപ്പെടുന്നത്. സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമായി.
സൗദിയുടെ എല്ലാ മുക്കിലും മൂലയിലും നിന്നും വാർത്തകളുടെ പ്രവാഹം തുടങ്ങി.
മുമ്പുണ്ടായിയിരുന്ന സംഘടനകൾ കൂടുതൽ ഊർജസ്വലമായി. സാമൂഹിക - ജീവകാരുണ്യ മേഖലയിൽ ആരോഗ്യകരമായ മത്സരങ്ങൾ തന്നെ നടന്നു. 
ഓരോ ചെറു വാർത്തകളും അച്ചടിമഷി വീണു തുടങ്ങി. വാർത്തകൾ തേടിയിറങ്ങിയ പത്രത്തിന് വാർത്തകൾ ഉൾപ്പെടുത്താൻ തന്നെ സ്ഥലമില്ലാത്ത അവസ്ഥയായിത്തുടങ്ങി.
സൗദിയിലെ തൊഴിൽ നിയമ ഭേദഗതി വാർത്തകളും മറ്റും താളുകളിലൂടെ വായനക്കാരിലെത്തി.
രാഷ്ടീയവും സ്‌പോർട്‌സും സാഹിത്യവും പത്രക്കോളങ്ങളിൽ നിറഞ്ഞു. മലയാളം നൂസ് പത്രം പ്രവാസി മലയാളിയുടെ ഹൃദയം നിറച്ചു. ഒരു ദിവസം മലയാളം ന്യൂസ് പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകുന്ന മലയാളികളുണ്ട്. അത്രയേറെ പത്രത്തിന്റെ മികവും സ്ഥാനവും നിശ്ചയിക്കുന്നതിൽ മലയാളി പത്രപ്രവർത്തകർക്ക് പ്രോത്സാഹനമായി അവരുടെ ഉസ്താദ് മുന്നിൽ നടന്നു.
പത്രത്തിന്റെ ആരംഭത്തിൽ സൗദി അറേബ്യയുടെ എല്ലാ പ്രവിശ്യയിലേക്കും ജിദ്ദ ഓഫീസിൽ നിന്നും നേരിട്ട് റിപ്പോർട്ടർമാരെ അയക്കുകയും മലയാളം ന്യൂസ് പത്രത്തിന്റെ പ്രചാരണ പ്രവർത്തനത്തിൽ മലയാളികളെ പങ്കാളികളാക്കുകയുമുണ്ടായി. ഫാറൂഖ് ലുഖ്മാൻ തന്നെയാണ് ഇങ്ങനെ ഒരാശയം എടുത്തിട്ടതെന്ന് എല്ലാവർക്കുമറിയാമായിരിക്കും. വടക്കൻ പ്രവിശ്യയായ അറാറിൽ എത്തിയ മുഹമ്മദ് സാദിഖിന് എന്നെ പരിചയപ്പെടുത്തിയത് ആരാണെന്നറിയില്ല. അദ്ദേഹം തന്നെ തേടി വന്നു.
ഞങ്ങൾ ഇറാഖ് അതിർത്തിയിലേക്കും പിന്നെ മരുഭൂമിയിലേക്കും യാത്ര ചെയ്തു .
ആടുജീവിതങ്ങൾ ആദ്യമായി അച്ചടിമഷി വീണത് വടക്കൻ അതിർത്തിയിൽ നിന്നും മലയാളം ന്യൂസിന് വേണ്ടി സാദിഖ് എഴുതിയതാണെന്നാന്റെ ഓർമ. സാദിഖാണ് എന്നെ മലയാളം നൂസിന് പരിചയപ്പെടുത്തിയത്. അന്നു മുതൽ ഞാൻ ഈ പത്രത്തിന്റെ അറാർ ലേഖകനായി.
നിരവധി വാർത്തകൾ ബൈലൈനിൽ തന്നെ അച്ചടിച്ചുവന്നു.
നാട്ടിലെ ദേശാഭിമാനി പ്രാദേശിക ലേഖകൻ എന്ന നിലയിൽ പ്രവർത്തിച്ചതും പല പ്രസ് ക്ലബ്ബ് പരിശീലനങ്ങളിൽ പങ്കെടുത്തതും എനിക്ക് തുണയായി .
പ്രതിഫലമല്ലായിരുന്നു ലക്ഷ്യം. മലയാളം ന്യൂസ് നിരവധി ചെക്കുകൾ എനിക്കയച്ചു. പലതും മാറാതെ എന്റെ കയ്യിലിപ്പോഴുമിരിക്കുന്നു.
അങ്ങനെയിരിക്കേയാണ് ഒരിക്കൽ ജിദ്ദയിൽ പത്രം ഓഫീസിൽ ചെന്നത്.
അതേ വരെ മുഖാമുഖം കാണാത്ത പല പത്രപ്രവർത്തകരെയും നേരിട്ടു കണ്ടു.
അവർ എന്നെയും കൂട്ടി ഫാറൂഖ് ലുഖ്മാൻ എന്ന ആ വലിയ മനുഷ്യന്റെ അടുത്തേക്ക് നടന്നു.
വർഷങ്ങളായി അദ്ദേഹത്തിന്റെ കോളങ്ങൾ വായിക്കുന്നു. നേരിൽ കാണുന്നതിതാദ്യം. ഭയവും ബഹുമാനവും കൊണ്ട് അദ്ദേഹത്തിന് മുന്നിലിരിക്കാൻ തോന്നിയില്ല.
പക്ഷേ അദ്ദേഹം എന്നെ ഇരുത്തി. സൗദി അറേബ്യയുടെ വടക്കൻ അതിർത്തിയിലെ ചെറു പട്ടണത്തിൽ നിന്നും വന്ന മാധ്യമ പ്രവർത്തകൻ എന്ന പേരിനർഹതയില്ലാത്തൊരാൾ പത്രപ്രവർത്തനത്തിന്റെ കുലപതിയുടെ മുന്നിൽ പരുങ്ങിയിരുന്നു. വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ അദ്ദേഹം ചോദിച്ചു .
അറാർ എന്നാൽ എന്താണ്?
എന്നെ അദ്ഭുതപ്പെടുത്തിയ ചോദ്യം.
ഒരു നാടിന്റെ പേരെന്നല്ലാതെ അറാറിനെ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു.
അറാർ എന്ന് ഈ ഭൂപ്രദേശത്തിന് പേര് വരാൻ കാരണമെന്താണ് എന്നാണ് ഉസ്താദ് ചോദിക്കുന്നത് .
എന്റെ മുറിയൻ ഇംഗ്ലീഷിലും പിന്നെ പറഞ്ഞു പരിചയിച്ച അറബിയിലും ഞാൻ മറുപടികൾ പലതും പറഞ്ഞു. എന്നെ നോക്കി ചിരിച്ചും പിന്നെ ഗൗരവം വിടാതെ അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു.
അറാർ എന്നാൽ മരുഭൂമിയിൽ കാണുന്ന ഒരു ഓഷധച്ചെടിയാണ്. യെമനിൽ അത് ധാരാളമുണ്ട്.
സൗദിയുടെ വടക്കൻ അതിർത്തിയിൽ ഈ ചെടി ധാരാളമായി കണ്ട ഒരു സ്ഥലത്തിന് ലഭിച്ച പേരാണ് നിങ്ങൾ ജീവിക്കുന്ന അറാർ. 
അന്നേ വരെ അന്നം തേടിയ നാട്ടിന്റെ പേരിന്റെ ചരിത്രം പോലും അറിയാതിരുന്നതിന് അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ചൂളിയിരുന്നു. എഡിറ്റർമാരുടെ മുമ്പിൽ നിന്നും പിറ്റേന്നിറങ്ങാനുള്ള പത്രത്തിന്റെ പ്രൂഫുകൾ വന്നുകൊണ്ടിരിക്കുന്നു. മലയാള പത്രവുമായി എഡിറ്റർമാർ അദ്ദേഹത്തിന് മൊഴിമാറ്റം നൽകിക്കൊണ്ടിരിക്കുന്നു. അദ്ദേഹം തിരക്കിലേക്ക് പോവുകയാണ്.
നല്ല വാർത്തകൾ അയച്ചുകൊണ്ടിരിക്കുക.
എനിക്ക് കിട്ടിയ ഉപദേശം അത് മാത്രം.
അദ്ദേഹത്തിന്റെ വിരലുകളിൽ നിന്നും എന്റെ കൈ വേർപെട്ടിരിക്കുന്നു.
ഞാൻ സലാം ചൊല്ലി മടങ്ങി.
ഇപ്പോൾ അദ്ദേഹം ഇഹലോകത്ത് നിന്ന് സലാം ചൊല്ലി മടങ്ങിയിരിക്കുന്നു.
നല്ല വാർത്തകൾ അദ്ദേഹം ഇനി കാണുന്നില്ല.
പക്ഷേ അദ്ദേഹം പ്രവാസി മലയാളികൾക്ക് നൽകിയ അമൂല്യ സംഭാവനകൾ ലോകമുള്ള കാലം വരെ പ്രാർത്ഥനകളായി അദ്ദേഹത്തിന്റെ ഖബറിടത്തിൽ ചെന്നെത്തുക തന്നെ ചെയ്യും.

 

പ്രവാസികളുടെ സ്വന്തം പത്രാധിപർ 

  • ഷിബു ഉസ്മാൻ, റിയാദ്  

ഇന്ത്യക്ക് പുറത്ത് സമ്പൂർണ മലയാള ദിനപത്രം സൗദി അറേബ്യയിൽ പ്രസിദ്ധീകരിക്കാൻ നേതൃത്വം കൊടുത്ത മലയാളം ന്യൂസിന്റെ ആദ്യ ചീഫ് എസിറ്റർ ഫാറൂഖ് ലുഖ്മാന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. 
ഞാൻ പ്രവാസം തുടങ്ങിയ '90 കാലഘട്ടത്തിൽ മലയാളം വായിക്കാൻ, മലയാളത്തിന്റെ പൊന്നക്ഷരങ്ങൾ ഒന്ന് കാണാൻ നാട്ടിൽ നിന്നും വരുന്ന പത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കുമായി കാത്തിരുന്ന ഒരു സമയമുണ്ടായിരുന്നു. 
സൗദിയിൽ നിന്നും ഒരു മലയാള പത്രം എന്നത് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഭാരതത്തിനു പുറത്ത് ആദ്യമായി ഒരു മലയാള വാർത്താ പത്രം അച്ചടി മഷി പുരളാൻ കാരണക്കാരനായ ഫാറൂഖ് ലുഖ്മാൻ എന്ന മലയാളി സ്‌നേഹി, അതിലുപരി മലയാളത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അറബ് പത്രപ്രവർത്തകൻ മലയാളം ന്യൂസിന്റെ ആദ്യ ചീഫ് എഡിറ്ററായി വന്നത്. ആദ്യ സമയത്തൊക്കെ ചില ബഖാലകളിൽ മാത്രം കിട്ടിയിരുന്ന മലയാളം ന്യൂസ് വാങ്ങാൻ ടാക്‌സിയിൽ വരെ പോയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 
തീർച്ചയായും അന്നം തേടിയെത്തിയ മണ്ണിൽ ആദ്യമായി മലയാളത്തിന്റെ മണമുള്ള വർത്തമാനപത്രം കാണാൻ.. വായിക്കാൻ.. കാരണക്കാരനായ ഫാറൂഖ് ലുഖ്മാൻ എന്ന മാധ്യമ പ്രവർത്തകനെ മലയാളികളായ പ്രവാസികൾ ഒരിക്കലും മറക്കില്ല. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകുമാറാകട്ടെ, ആമീൻ 

 

വിസ്മയം സൃഷ്ടിച്ച വലിയ മനുഷ്യൻ

  • ഉസ്മാൻ എടത്തിൽ, ജിദ്ദ  

ഫാറൂഖ് ലുഖ്മാൻ ഒരത്ഭുതമാണ്.  മലയാളി സമൂഹത്തെ അടുത്തറിയാനും ഇത്ര മേൽ ഇഷ്ടപ്പെടാനും സാധിച്ച മറ്റൊരു അറബ് പത്രപ്രവർത്തകൻ ഉണ്ടോ എന്നറിയില്ല. മലയാളം ന്യൂസ് പത്രത്തിൽ വന്ന ചില പംക്തികളും വാർത്തകളും വാർത്താ ചിത്രങ്ങളും തലക്കെട്ടുകളുടെ വലിപ്പവും സംബന്ധമായി പോലും പലപ്പോഴും അദ്ദേഹവുമായി നേരിട്ട് വിളിച്ചു  സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
നമുക്ക് സ്വന്തം കൂടപ്പിറപ്പായ രാഷ്ട്രീയ സാമൂഹിക സംഘടനാ രംഗത്തെ മത്സരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും; വായനക്കാരുടെ എണ്ണത്തിനോ അഭീഷ്ടങ്ങൾക്കോ അനുസൃതമായി ബാലൻസ് ചെയ്യാനെന്നു തോന്നിക്കുംവിധം  കോളങ്ങളുടെ എണ്ണത്തിലും  തലക്കെട്ടുകളുടെ വണ്ണത്തിലും വരുന്ന ന്യായാന്യായങ്ങളോ, 'സർഗവീഥി'യിലെ വീഴ്ചകളോ, സമീക്ഷ പേജിലെ  തുടർചർച്ചകളിൽ പക്ഷപാതപരമെന്നു തോന്നുന്ന ചില കത്രിക പ്രയോഗങ്ങളോ ഒക്കെയായിരിക്കും വിഷയം.        
ഡെസ്‌കിലെ പരിചിതരായ മലയാളി പത്രാധിപരിൽ ചിലർ കയ്യൊഴിയാൻ ട്രാൻസ്ഫർ ചെയ്താണ് അന്നാളിൽ പലപ്പോഴും മുഖ്യ പത്രാധിപരുമായി സംസാരിക്കാൻ കഴിഞ്ഞത്. 
നാട്ടിലെ സാധാരണ പത്രക്കാരുടെ സ്വഭാവം നമുക്കറിയാമല്ലോ. പത്രത്തിന്റെ നിലപാടുകളെക്കുറിച്ചു വിമർശനം എഴുതിയാൽ അതിന്റെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കും. ഫോൺ സംഭാഷണമാണെങ്കിൽ പരമാവധി മാന്യമായി, മറ്റു വല്ലതും പറയാനുണ്ടോ എന്ന മറുപടിയോടെ മുഖത്തടിച്ച പോലെ ഫോൺ വിഛേദിക്കുകയായിരിക്കും പതിവ്. സാധാരണക്കാർക്ക് അപ്രാപ്യരായ, കൊമ്പത്തിരിക്കുന്ന അത്തരം അധിപരെ അറിയാവുന്നവർക്ക് ഫാറൂഖ് ലുഖ്മാൻ ഒരു വിസ്മയം തന്നെയായിരുന്നു.
വായന ക്ലിഷ്ടമാക്കുന്ന 'ബാക്കി: പേജ് പന്ത്രണ്ടിൽ' എന്ന പരിപാടി മലയാളം ന്യൂസിൽ ഇല്ലെന്ന കാര്യം  മറന്നോ എന്ന മറുചോദ്യം എന്റെ  ഒരുപാട് ചോദ്യങ്ങൾക്കുത്തരമായിരുന്നു. കലഹിക്കാൻ കഴിയാതെ ആ സ്‌നേഹവായ്പിനു മുൻപിൽ ആരും കീഴടങ്ങും.  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചും അലി ഫഖീഹ് എന്ന് അദ്ദേഹം പരിചയപ്പെടുത്തിയ പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ല്യാരെക്കുറിച്ചും മറ്റു ചിലരെക്കുറിച്ചും സംസാരിച്ചതോർക്കുന്നു. 
സ്വന്തം നിയന്ത്രണത്തിലുള്ള  ഒരന്യഭാഷാ പത്രത്തിന്റെ വായനക്കാരെ മാനിക്കാനും അടുത്തറിയാനും മനസ്സ് കാണിച്ച മഹാനായിരുന്നു ഫാറൂഖ് ലുഖ്മാൻ എന്ന പത്രാധിപർ. 
അക്ഷരാർത്ഥത്തിൽ 'അതിരുകളില്ലാത്ത ലോകത്തേക്ക്' തന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ വിസ്മയ ജാലകം തുറന്നു വെച്ച ആ വലിയ മനുഷ്യന്റെ ഓർമകളിൽ പ്രാർത്ഥനാ പൂർവം.


 

Latest News