അബഹ- കനത്ത ചൂടിന് തെല്ലൊന്ന് ശമിപ്പിച്ച് ഇന്നലെ അസീർ പ്രവിശ്യയിൽ മിക്കയിടത്തും കനത്ത മഴ. ചിലയിടങ്ങളിൽ ഉച്ചക്ക് 12 മണിക്ക് അന്തരീക്ഷ ഊഷ്മാവ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലായി മാറി. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ വടക്ക് പടിഞ്ഞാറൻ അബഹയിലെ മലമ്പ്രദേശമായ അൽസൗദ, അഹദ് റഫീദയിലെ അൽഹബ്‌ല എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. പ്രദേശങ്ങളിലെ അരുവികളും താഴ്‌വാരങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം നിറഞ്ഞൊഴുകി. മഴയെ തുടർന്നുള്ള നയനമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ നാട്ടുകാർക്കൊപ്പം വിദൂരങ്ങളിൽനിന്നുള്ളവർവരെ എത്തിച്ചേർന്നു.
അബഹ നഗരത്തിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പരിസരങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. തീവ്രത കുറവായിരുന്നുവെങ്കിലും ഖമീസ് മുഷൈത്തിലും മഴ വ്യാപകമായിരുന്നു. ഉച്ചക്ക് തുടങ്ങിയ മഴ രണ്ട് മണിക്കൂർ നീണ്ടുനിന്നതോടെ റോഡുകൾ മിക്കതും വെള്ളത്തിനടിലായി. തൻദഹ, വാദി ബിൻ ഹുശ്ബുൽ മർക്കസുകളിലും അൽഹറാജ, തരീബ് മേഖലകളിലും ഭേദപ്പെട്ട രീതിയിൽ മഴ അനുഭവപ്പെട്ടതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി.