കൊച്ചി- കൊച്ചി മേയർ സൗമിനി ജയിനിനെ മാറ്റാൻ തീരുമാനം. കൊച്ചി കോർപറേഷനിലെ കോൺഗ്രസ് എ ഗ്രൂപ്പ് കൗൺസിലർമാരും മുതിർന്ന നേതാക്കളും എറണാകുളം ഗസ്റ്റ് ഹൗസിൽ രഹസ്യ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പിയാണ് യോഗത്തിന് നേതൃത്വം നൽകിയത്. സൗമിനി ജയിനിനെ രണ്ടാഴ്ചയ്ക്കുള്ളിൽ രാജിവെപ്പിച്ച് ഫോർട്ടുകൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യൂവിനെ മേയറാക്കാനാണ് തീരുമാനം.
കൊച്ചി കോർപറേഷന്റെ ഭരണം കോൺഗ്രസിന് ലഭിച്ചപ്പോൾ രണ്ടര വർഷം സൗമിനി ജയിനിനേയും രണ്ടര വർഷം ഷൈനി മാത്യൂവിനേയും മേയറാക്കാൻ ധാരണയുണ്ടായിരുന്നു. എന്നാൽ അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ ഈ തീരുമാനത്തെ എതിർത്തതോടെ സൗമിനി ജയിൻ തന്നെ മേയറായി തുടരുകയായിരുന്നു. ഇതിനിടെ അവസാന ഒരു വർഷമെങ്കിലും മേയറാക്കിയില്ലെങ്കിൽ താനും കൂടെ ഏതാനും കൗൺസിലർമാരും രാജിവെയ്ക്കുമെന്ന് ഷൈനി മാത്യൂ ഭീഷണി മുഴക്കിയതോടെയാണ് കോൺഗ്രസ് എ ഗ്രൂപ്പ് നേതൃത്വം വെട്ടിലായത്. ഇതോടെ സൗമിനി ജയിനിനെ മാറ്റാൻ എ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുൻ മന്ത്രി കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ കോർപറേഷനിലെ ഗ്രൂപ്പ് കൺസിലർമാർ രഹസ്യ യോഗം ചേർന്നു. എ ഗ്രൂപ്പിലെ 18 കൗൺസിലർമാരിൽ സൗമിനി ജയിനും ഷൈനി മാത്യൂവും ഒഴികെ മറ്റെല്ലാവരും യോഗത്തിൽ പങ്കെടുത്തു.