Sorry, you need to enable JavaScript to visit this website.

ഭാര്യമാരുടെ വിസയിലുള്ള പുരുഷന്മാര്‍ക്കും യു.എ.ഇയില്‍ വര്‍ക് പെര്‍മിറ്റ്

അബുദാബി- ഭാര്യമാരുടെ വിസയില്‍ യു.എ.ഇയില്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള വര്‍ക് പെര്‍മിറ്റിന് അനുമതി. മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക് വര്‍ക് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം, ഭര്‍ത്താക്കന്മാര്‍ക്കും ബാധകമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഉമര്‍ അല്‍ നുഐമി പറഞ്ഞു. ഭാര്യയുടെ വിസയിലുള്ള ഭര്‍ത്താക്കന്മാര്‍ക്കും, ഭര്‍ത്താവിന്റെ വിസയിലുള്ള ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാരോ മാതാപിതാക്കളോ സ്‌പോണ്‍സര്‍ ചെയ്യുന്ന വനിതകള്‍ക്കും 18 വയസ്സിന് മുകളിലുള്ള മക്കള്‍ക്കും ഈ തീരുമാനം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതനുസരിച്ച് റെസിഡന്‍സ് വിസയില്‍ രാജ്യത്തുള്ള 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വര്‍ക് പെര്‍മിറ്റിന് അനുമതിയുണ്ട്.
കുടുംബം സ്‌പോണ്‍സര്‍ചെയ്യുന്ന യോഗ്യരായ പുരുഷന്മാര്‍ക്ക് വര്‍ക് പെര്‍മിറ്റുകള്‍ ശനിയാഴ്ച മുതല്‍ തന്നെ നല്‍കിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വര്‍ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഈയിടെ മാനവശേഷി വികസന മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹമേലി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍.
നേരത്തെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഇത്തരം വര്‍ക് പെര്‍മിറ്റ് നല്‍കിയിരുന്നത്. കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും അതിവഴി സ്ഥിരത ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമമെന്ന് അല്‍ സുവൈദി പറഞ്ഞു.
കുടുംബ വിസയിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്രകാരം തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാനും അധികച്ചെലവ് ഒഴിവാക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടുവര്‍ഷത്തെ വര്‍ക് പെര്‍മിറ്റിന് 300 ദിര്‍ഹം മാത്രമാണ് ഫീസ്. നേരത്തെ ഇത് വിവിധ വിഭാഗങ്ങളിലായി 300 മുതല്‍ 5000 വരെ ദിര്‍ഹമായിരുന്നു. ഫീസ് നല്‍കേണ്ടത് തൊഴിലുടമയാണെന്നും അല്‍സുവൈദി വ്യക്തമാക്കി.
ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ 145 സേവന വിഭാഗങ്ങളില്‍ ഫീസ് അമ്പത് ശതമാനം മുതല്‍ 94 ശതമാനം വരെ കുറച്ചിരുന്നു. പുതിയ നീക്കത്തെ യു.എ.ഇയിലെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താനും പ്രൊഫഷണലുകളായ വനിതകള്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കുടുംബം ഒന്നിച്ച് താമസിക്കാനുള്ള അവസരം കിട്ടുന്നതിലൂടെ ദേശീയ സമ്പദ്‌രംഗം പുഷ്ടിപ്പെടുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

 

Latest News