ദുബായ്- ദുബായില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 24 മണിക്കൂറില്‍ അധികം വൈകിയും പുറപ്പെടാത്തത് യാത്രക്കാരെ വലച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ശനിയാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ വിമാനം യാത്ര തിരിച്ചിട്ടില്ല. കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നായിരുന്നു വിശദീകരണം. പിന്നീട് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെടുന്നതിനുള്ള തയാറെടുപ്പുകള്‍ ഒന്നുമില്ലാതായതോടെ യാത്രക്കാര്‍ ഹോട്ടലില്‍ ബഹളം വെച്ചു.
പ്രായമായവരും പിഞ്ചുകുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിക്കുന്നത്. ഇതുകൂടാതെ ഇന്നു പുറപ്പെടേണ്ട വിമാനങ്ങളും വൈകുന്ന സാഹചര്യമാണ്. വിമാന അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല.