ദുബായ്- കരിപ്പൂർ വിമാനതാവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പൻ. രാജ്യത്ത് സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം എയർപോർട്ടിന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ നാഴികക്കല്ലാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ വിമാനത്താവളങ്ങളുടെ നിരയിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും ചെറിയ റൺവേയും താഴ്ന്ന സർവീസ് നിലവാരവും മൂലം അതിജീവനത്തിന് പ്രയാസപ്പെടുകയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. റൺവേയുടെ നീളം 4000 മീറ്ററായി വർദ്ധിപ്പിക്കണമെന്ന പ്രധാന ആവശ്യം നടപ്പിലാക്കിയാൽ വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സ്ഥിരം സർവ്വീസുകൾ ആരംഭിക്കും. സ്വകാര്യവൽക്കരിക്കുന്നതോടെ മറ്റ് സ്വകാര്യ എയർപോർട്ടിൽ ലഭ്യമാവുന്നത് പോലെുളള മികച്ച സൗകര്യങ്ങളും സേവനങ്ങളും ഇവിടെയും ലഭ്യമാവും. ദൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന പരിചയ സമ്പന്നരായ െ്രെപവറ്റ് എയർപോർട്ട് ഓപറേറ്റർമാരിലൊന്ന് ഈ വിമാനത്താവളെത്തെയും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. പുതിയ നീക്കം ദശലക്ഷക്കണക്കിന് വരുന്ന ഗൾഫ് പ്രവാസികൾക്ക് ഗുണകരമാകുന്നതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ കുതിപ്പിനും വഴിതുറക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ ഈയിടെ നടത്തിയ ദുബൈ സന്ദർശന വേളയിൽ അദ്ദേഹത്തോട് കാലിക്കറ്റ് വിമാനത്താവളത്തിന്റെ നവീകരണത്തിന് ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.