ദുബായ്- ഫ്‌ളാറ്റിലൊരുക്കിയ തിരുമ്മല്‍ കേന്ദ്രത്തിലെത്തിച്ച് മുറിയില്‍ പൂട്ടിയിട്ട ശേഷം 60,300 ദിര്‍ഹം കവര്‍ന്ന കേസില്‍ നൈജീരിയന്‍ യുവതിയുടെ വിചാരണ തുടങ്ങി. റോഡില്‍നിന്ന് കിട്ടിയ മസാജ് കാര്‍ഡിലെ നമ്പറില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട നേപ്പാളി യുവാവാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തട്ടിപ്പിനിരയായത്.
അല്‍റാഫാ പ്രദേശത്തെ മസാജ് സെന്ററില്‍ എത്തിയപ്പോള്‍ ഫ്‌ളാറ്റില്‍ എട്ട് ആഫ്രിക്കന്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു. അകത്ത് കടന്ന ഉടന്‍ മുറി പൂട്ടുകയും തന്നെ ആക്രമിച്ച് പണം കവരുകയും ചെയ്തുവെന്ന് 33 കാരനായ നേപ്പാള്‍ സ്വദേശി പറഞ്ഞു. പണം സ്ത്രീകള്‍ വീതിച്ചെടുത്ത ശേഷം ദുബായ് പോലീസില്‍ അറിയിക്കരുതെന്ന് താക്കീത് ചെയ്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്. ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
ദുബായ് പോലീസ് ഏഴു സ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റിലായ നൈജീരിയക്കാരി കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റു സ്ത്രീകള്‍ക്ക് ആറു മാസം ജയില്‍ ശിക്ഷ വിധിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവിനുശേഷം ഇവരെ നാടുകടത്താന്‍ ഉത്തരവിട്ടു.
ഒരു സ്ത്രീ വഴിയാണ് പ്രതി രാജ്യത്ത് 34 വയസ്സായ നൈജീരിയക്കാരി ജോലിക്കെത്തിയതെന്നും ആളുകളെ മസാജ് പാര്‍ലറുകളിലെത്തിച്ച് ശാരീരികമായി മര്‍ദിച്ച് പണം കവരുകയായിരുന്നു സംഘത്തിന്റെ രീതിയെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചു. മുഖ്യപ്രതിക്കെതിരായ കേസില്‍ ഓഗസറ്റ് ഒന്നിന് കോടതി വിധി പുറപ്പെടുവിക്കും.