Sorry, you need to enable JavaScript to visit this website.

സൗദിയില്‍ എത്യോപ്യന്‍ വേലക്കാര്‍ക്കുളള വിലക്ക് നീക്കുന്നു

റിയാദ് - എത്യോപ്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇന്ന് എടുത്തുകളയും. രണ്ടു വർഷം നീണ്ട മാരത്തോൺ ചർച്ചകൾ വിജയം കണ്ടതോടെയാണ് എത്യോപ്യൻ തൊഴിലാളികൾക്കുള്ള വിലക്ക് എടുത്തുകളയുന്നത്. ഇക്കാര്യം സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
പുതിയ ഏകീകൃത റിക്രൂട്ട്‌മെന്റ് കരാർ നടപ്പാക്കിയതിനാൽ എത്യോപ്യയിൽനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് 9000 റിയാൽ മുതൽ 11,000 റിയാൽ വരെ ആകുമെന്നാണ് കരുതുന്നത്. ഏകീകൃത കരാർ നടപ്പാക്കുന്നതിനു മുമ്പ് എത്യോപ്യയിൽനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ 7000 റിയാലാണ് ഫീസ് ഈടാക്കിയിരുന്നത്. എത്യോപ്യൻ വേലക്കാരികളുടെ വേതനം ആയിരം റിയാലായിരിക്കുമെന്നാണ് കരുതുന്നത്. വേലക്കാരുടെ വേതനം 100 റിയാൽ തോതിൽ ഉയർത്തണമെന്ന് എത്യോപ്യ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ എത്യോപ്യൻ വേലക്കാരുടെ വേതനം 900 റിയാലായിരുന്നു. 
പ്രാദേശിക വിപണിയിൽ വേലക്കാർക്കുള്ള വലിയ ആവശ്യം നിറവേറ്റുന്നതിന് എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. സൗദിയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നതിന് ആഗ്രഹിക്കുന്ന നിരവധി പേർ എത്യോപ്യയിലുണ്ട്. ആവശ്യമുള്ളത്ര വേലക്കാരെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സന്നദ്ധത എത്യോപ്യയിലെ റിക്രൂട്ടിംഗ് ഏജൻസികൾ അറിയിച്ചിട്ടുണ്ട്. 
എത്യോപ്യൻ വേലക്കാരുടെ റിക്രൂട്ട്‌മെന്റിന് പരമാവധി 60 ദിവസം മുതൽ 90 ദിവസം വരെ എടുക്കുമെന്നാണ് കരുതുന്നത്. വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 30 മുതൽ 45 വരെ ദിവസം മാത്രമാണെടുക്കുക. എത്യോപ്യൻ വേലക്കാർക്കിടയിൽ ഒളിച്ചോട്ട പ്രവണത കൂടുതലാണ്. സൗദിയിൽ ഒളിച്ചോട്ട നിരക്ക് ഏറ്റവും കൂടുതൽ എത്യോപ്യൻ വേലക്കാർക്കിടയിലാണ്. എത്യോപ്യയിൽനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ കരാർ അറ്റസ്റ്റ് ചെയ്യുന്നതിന് എത്യോപ്യൻ എംബസി 313 റിയാൽ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയുള്ള ഇ-കരാർ നിർബന്ധമാണ്. പേപ്പറിലുള്ള തൊഴിൽ കരാറുകൾ അറ്റസ്റ്റ് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിസമ്മതിക്കുകയാണ്. മുസാനിദ് പോർട്ടൽ വഴിയുള്ള ഇ-കരാർ മാത്രം മതിയെന്നാണ് മന്ത്രാലയം പറയുന്നത്. 

Latest News