കയ്‌റോ - ബ്രിട്ടനിൽനിന്ന് സൈക്കിളിൽ ഹജിന് യാത്ര തിരിച്ച എട്ടംഗ സംഘം ഈജിപ്തിലെത്തി. മൂന്നു ഭൂഖണ്ഡങ്ങളിലെ പതിനേഴു രാജ്യങ്ങളിലൂടെ 60 ദിവസം നീളുന്ന യാത്രക്കിടെ നാലായിരം മൈൽ സംഘം താണ്ടും. മാർഗമധ്യേ മദീന സിയാറ പൂർത്തിയാക്കിയാണ് സംഘം മക്കയിലെത്തുക.
ഈജിപ്തിലെ ഹുർഗദ തുറമുഖത്തുനിന്ന് കപ്പൽ മാർഗം ഉത്തര സൗദിയിലെ ദിബാ തുറമുഖത്തെത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് സംഘ നേതാവ് താഹിർ ഹുസൈൻ അഖ്തർ (45) പറഞ്ഞു. സ്വിറ്റ്‌സർലാന്റിൽ ആൽപ്‌സ് പർവത നിരകളിലൂടെ മൂവായിരം അടി ഉയരത്തിൽ സഞ്ചരിച്ചത് അടക്കം യാത്രക്കിടെ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നതായി താഹിർ അഖ്തർ പറഞ്ഞു. പാക്കിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ അഞ്ചു ഗ്രാമങ്ങളിൽ സ്‌കൂളുകളും മസ്ജിദുകളും നിർമിക്കുന്നതിനും പാവങ്ങൾക്ക് കിണറുകൾ കുഴിച്ചുനൽകുന്നതിനുമുള്ള പദ്ധതികൾക്ക് അഞ്ചു ലക്ഷം പൗണ്ട് സ്റ്റെർലിംഗ് സമാഹരിക്കുന്നതിനും സംഘം ലക്ഷ്യമിടുന്നു. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ സംഘത്തിൽ ഏഴു പേർ പാക് വംശജരും ഒരാൾ ശ്രീലങ്കൻ വംശജനുമാണ്. 2017 ലും താഹിർ അഖ്തർ സൈക്കിൾ മാർഗം ബ്രിട്ടനിൽ നിന്ന് ഹജിനെത്തിയിരുന്നു.