മനാമ- തീവ്രവാദക്കേസിലടക്കം രണ്ടു കേസുകളിൽ ബഹ്‌റൈനിൽ മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പിന്റെ സഹായത്തോടെ പോലീസ് ഓഫീസറെ വധിച്ച കേസിലെ രണ്ടു പ്രതികളുടെയും പള്ളി ഇമാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെയും വധശിക്ഷയാണ് ശനിയാഴ്ച്ച രാവിലെ നടപ്പാക്കിയത്. തീവ്രവാദ കേസിലെ പ്രതികൾ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയതിനു പുറമെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂട്ടർ പറഞ്ഞു. ജർമ്മനിയിൽ നിന്നടക്കം ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലും സ്ഫോടനം നടത്തേണ്ടതെങ്ങനെയാണെന്ന പരിശീലനം ലഭിച്ചിരുന്നതായും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.
ഇമാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബഹ്‌റൈനിലെ പള്ളിയിലെ മുഅദ്ദിൻ കൂടിയായിരുന്ന യുവാവിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. ഇമാമിനോടുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയ ഇമാമിന്റെ ശരീരം കഷണങ്ങളാക്കി മരുഭൂമിയിൽ തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധയുടെ അടിസ്ഥാനത്തിലും പ്രതിയെ പിടികൂടുകയും കൊലപാതകം തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയുമായിരുന്നു.