കൊച്ചി- കൈക്ക് പൊട്ടലുണ്ടെന്നും വ്യാജ റിപ്പോർട്ട് കൊടുക്കാൻ പോലീസ് മിടുക്കരാണെന്നും എൽദോ എബ്രഹാം എം.എൽ.എ. തന്റെ കൈക്ക് പൊട്ടലില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് മുഖവിലക്കെടുക്കുന്നില്ലെന്നും തെറ്റ് ചെയ്തില്ലെന്ന് വരുത്താൻ പോലീസ് ശ്രമിക്കുകയാണെന്നും എൽദോ ആരോപിച്ചു. പോലീസ് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതാണെന്നും എൽദോ വ്യക്തമാക്കി.
അതേസമയം, എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് കാണിച്ച് പോലീസ് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു നിഷേധിച്ചു. സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയുടെ രേഖ കൈവശമുണ്ടെന്നും അതിൽ പൊട്ടലുണ്ട് എന്നതിന് രേഖയുണ്ടെന്നും രാജു പറഞ്ഞു. ആ രേഖ ജില്ലാ കലക്ടർക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.