കൊച്ചി- പാർട്ടി എം.എൽ.എയെയും നേതാക്കളെയും തല്ലിച്ചതച്ച പോലീസിനെതിരെ ഫലപ്രദമായി പ്രതികരിക്കാതിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി.പി.ഐ എറണാകുളം ജില്ലാ നിർവാഹക സമിതി യോഗത്തിൽ കടുത്ത വിമർശം. പാർട്ടിയുടെ തീരുമാനമാണ് സെക്രട്ടറി തള്ളിപ്പറഞ്ഞതെന്ന് പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസംഗിച്ചവർ കുറ്റപ്പെടുത്തി. കാനത്തിന്റെ നിലപാടു മൂലം എം.എൽ.എക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാനം പരസ്യമായി മാപ്പ് പറയണം. ഇങ്ങനെയാണെങ്കിൽ പാർട്ടി ജാഥക്ക് ആളെ കിട്ടാതെ വരുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇത്രയൊക്കെ ചർച്ചയായിട്ടും സംസ്ഥാന സെക്രട്ടറി പോലീസിനെതിരെ ഇപ്പോഴും നിലപാടെടുക്കാത്തതിൽ അംഗങ്ങൾ രോഷം പ്രകടിപ്പിച്ചു. പോലീസിനെതിരെ നടത്തിയ സമരത്തെ തള്ളിപ്പറയുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നു നിർവാഹക സമിതി ശക്തമായി ആവശ്യപ്പെട്ടു.
എന്നാൽ രൂക്ഷ വിമർശമുണ്ടായ വിവരം ജില്ലാ സെക്രട്ടറി പി. രാജു നിഷേധിച്ചു. സംസ്ഥാന സെക്രട്ടറി തങ്ങളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. സമരത്തെ കാനം തള്ളിപ്പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നും പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചതിനാലാണ് അന്വേഷണത്തിനായി സർക്കാർ കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞാറയ്ക്കൽ സി.ഐക്ക് എതിരായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. പാർട്ടി എം.എൽ.എ അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിട്ടും പാർട്ടി സെക്രട്ടറി വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്നും എം.എൽ.എയെ സന്ദർശിച്ചില്ലെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് കാനം എൽദോ എബ്രഹാമിനെ കണ്ടത്.
ലാത്തിച്ചാർജിനെക്കുറിച്ച് ജില്ലാ കലക്ടറെ അന്വേഷണച്ചുമതല ഏൽപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കാനം പറഞ്ഞു.
ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് എം.എൽ.എയുടെ അഭിപ്രായമാണെന്നും കൂടിക്കാഴ്ചയിൽ അത്തരം കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി. മോശം പോലീസ് എന്നൊന്നില്ലെന്നും ഞങ്ങളൊക്കെത്തന്നെയല്ലേ സർക്കാരെന്നും കാനം ചോദിച്ചു. എന്നാൽ പോലീസ് നടപടിയെ തള്ളിപ്പറയാൻ അദ്ദേഹം തയാറായില്ല.
ക്രൂരമായ മർദനം ഏറ്റെന്ന് എം.എൽ.എ അറിയിച്ചു. അതിനെക്കുറിച്ച് അന്വേഷണം നടത്തി ഭാവി തീരുമാനം എടുക്കും. ലാത്തിച്ചാർജിനിടയാക്കിയ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ സംഭവത്തിൽ അങ്ങനെ നടന്നതായി കരുതുന്നില്ലെന്നും കാനം പറഞ്ഞു.
സാധാരണ ഇത്തരം സംഭവങ്ങൾ നടന്നാൽ ആർ.ഡി.ഒയെ ആണ് അന്വേഷണച്ചുമതല ഏൽപിക്കുകയെന്നും ഈ സംഭവത്തിൽ എം.എൽ.എക്കും മർദനമേറ്റ സംഭവം ഉള്ളതുകൊണ്ടാണ് ജില്ലാ മജിസ്‌ട്രേറ്റിന് അന്വേഷണ ചുമതല നൽകിയതെന്നും കാനം പറഞ്ഞു. പോലീസ് ലാത്തിച്ചാർജിനെക്കുറിച്ച് മാത്രമല്ല, എല്ലാവരോടും തനിക്ക് മൃദുസമീപനമാണുള്ളതെന്ന് കാനം കൂട്ടിച്ചേർത്തു.
നടന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരമാണെന്നും ഒരു വ്യക്തിയുടെ സമരമല്ലെന്നും എൽദോ പറഞ്ഞു. അക്കാര്യങ്ങൾ കാനത്തിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.