കൊണ്ടോട്ടി- തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കരിപ്പൂർ വിമാനത്താവളവും സ്വകാര്യവൽകരിക്കുന്നത് പ്രതീക്ഷക്കും ആശങ്കക്കും വഴിവെക്കുന്നു. കരിപ്പൂർ വിമാനത്താവളം കൂടി സ്വകാര്യവൽകരിച്ചാൽ കേരളത്തിലെ മുഴുവൻ വിമാനത്താവളവും സ്വാകര്യമേഖലയിലാകും. സംസ്ഥാനത്ത് പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമാണ് കരിപ്പൂർ. തിരുവനന്തപുരം സ്വകാര്യവൽകരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിനെതിരെ ജീവനക്കാരിൽനിന്ന് പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ, കൊച്ചി വിമാനത്താവങ്ങളോട് പിടിച്ചു നിൽക്കാൻ സ്വകാര്യവൽകരണം ആശ്വാസവുമാവുമെന്നാണ് മറ്റൊരു വിലയിരുത്തൽ. ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനാവുന്നത് യാത്രക്കാർക്ക് പ്രതീക്ഷയേകുന്നു.
വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലടക്കമുള്ള കാര്യങ്ങൾ സ്വകാര്യവൽകരണം നടപ്പാക്കുന്നതിലൂടെ പെട്ടെന്ന് സാധ്യമാകും. നിലവിൽ എയർപോർട്ട് അതോറിറ്റിക്ക് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകണം. സ്വകാര്യവൽകരിക്കുമ്പോൾ ഇതെല്ലാം കമ്പനിയുടെ ഉത്തരവാദിത്തമാകും.
എയർപോർട്ട് അതോറിക്ക് കീഴിലുള്ള രാജ്യത്തെ എല്ലാ പൊതുമേഖലാ വിമാനത്താവളങ്ങളും സ്വകാര്യവൽക്കലിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. കരിപ്പൂരിനുപുറമെ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, വരാണസി, അമൃത്‌സർ, ഭുവനേശ്വർ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളും, ആഭ്യന്തര വിമാനത്താവളായ റായ്പൂർ, റാഞ്ചി, പട്‌ന, ഇൻഡോർ എന്നിവയുമാണ് സ്വകാര്യവൽകരിക്കരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.