കൊച്ചി- എം.എൽ.എ അടക്കം പാർട്ടി നേതാക്കളെ പോലീസ് മർദിച്ച സംഭവത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെ മൃദുനിലപാട് തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെയും നിലപാട് മാറ്റാൻ തയാറായില്ല.
എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടയിൽ എൽദോ എബ്രാഹം എം.എൽ.എയുടെ കൈ പോലീസ് തല്ലിയൊടിക്കുകയും ജില്ലാ സെക്രട്ടറി പി.രാജുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്നായിരുന്നു ഇന്നലെയും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. പാർട്ടിയുടെ മധ്യമേഖല റിപ്പോർട്ടിംഗിനായി ആലുവയിൽ എത്തിയതായിരുന്നു കാനം രാജേന്ദ്രൻ.
പോലീസ് മർദനത്തിൽ ഗൂഢാലോചനയുണ്ടൊയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലീസ് വീട്ടിൽ വന്ന് തല്ലിയതല്ലല്ലോയെന്നാണ് താൻ പറഞ്ഞത്. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം തങ്ങൾക്ക് പിന്തുണ ലഭിക്കും വിധം അല്ലെന്നാണല്ലോ പ്രവർത്തകരുടെ വികാരമെന്ന ചോദ്യത്തിന്, നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയല്ല തങ്ങളുടെ പാർട്ടിയുടെ കാര്യമെന്നായിരുന്നു മറുപടി. പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന് നടപടിയെടുക്കണമെങ്കിൽ അതിന്റേതായ മാനദണ്ഡമുണ്ടെന്നും കാനം പറഞ്ഞു.
പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവർ സി.പി.ഐക്കാരല്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പോസ്റ്റർ താൻ കാര്യമായി എടുക്കുന്നില്ല.
പാർട്ടി ജനറൽ ബോഡിയിലാണ് പ്രവർത്തകർ അഭിപ്രായം പറയുന്നതെന്നും അല്ലാതെ പോസ്റ്റർ പതിപ്പിച്ചല്ലെന്നും കാനം പറഞ്ഞു. മറ്റു പാർട്ടിക്കാർക്കും പോസ്റ്റർ പതിപ്പിക്കാം. സി.പി.ഐക്കാർ ഒരിക്കലും അത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.