Sorry, you need to enable JavaScript to visit this website.

ഹോട്ടൽ മേഖലയിൽ സൗദിവൽക്കരണം വരുന്നു; ആയിരക്കണക്കിന് വിദേശികളെ ബാധിക്കും

റിയാദ് - ഹോട്ടലുകളും റിസോർട്ടുകളും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളും അടക്കമുള്ള ആതിഥേയ മേഖലയിൽ മൂന്നു ഘട്ടമായി സൗദിവൽക്കരണം നടപ്പാക്കും. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 
ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നീ സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്. ആതിഥേയ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് പുതിയ തീരുമാനം ഇടയാക്കിയേക്കാം.  
ഹോട്ടൽ ഡെപ്യൂട്ടി മാനേജർ, ഐ.ടി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജർ, സെയിൽസ് ഡിപ്പാർട്ട്‌മെന്റ് മാനേജർ-അസിസ്റ്റന്റ് മാനേജർ, സെയിൽസ് റെപ്രസെന്റേറ്റീവ്-സെയിൽസ് അഡ്മിനിസ്‌ട്രേറ്റർ, ഹെൽത്ത് ക്ലബ് സൂപ്പർവൈസർ, ഹോട്ടലുകളിലെ ജനറൽ സർവീസ് സൂപ്പർവൈസർ, ഗുഡ്‌സ് റിസീവിംഗ് ക്ലർക്ക്, റൂം സർവീസ് ഓർഡർ റിസീവർ, റെസ്റ്റോറന്റ്-കോഫി ഷോപ് സ്റ്റ്യുവാർഡ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ക്ലർക്ക്, എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്ക്, അഡ്മിനിസ്‌ട്രേറ്റീവ് എംപ്ലോയി, അഡ്മിനിസ്‌ട്രേഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകൾ പൂർണമായും സൗദിവൽക്കരിക്കൽ നിർബന്ധമാണ്. 
ബുക്കിംഗ്, പർച്ചേയ്‌സിംഗ്, മാർക്കറ്റിംഗ്, ഫ്രന്റ് ഓഫീസ് എന്നീ വിഭാഗങ്ങളിലും 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. ഫ്രന്റ് ഓഫീസ് വിഭാഗത്തിൽ ബാഗേജ് കാരിയർ, ഉപയോക്താക്കളുടെ കാറുകൾ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന തൊഴിലാളികൾ, ഡ്രൈവർ, ഡോർ കീപ്പർ എന്നീ തസ്തികകൾ സമ്പൂർണ സൗദിവൽക്കരണത്തിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. 
സെയിൽസ് മാനേജർ, ഇവന്റ്-കോൺഫറൻസ് സെയിൽസ് മാനേജർ തസ്തികകളിൽ മിനിമം 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. ഫുഡ്, ഡ്രിങ്ക്‌സ് സൂപ്പർവൈസർ, റൂം സർവീസ് സൂപ്പർവൈസർ, പാർട്ടി സെക്ഷൻ സൂപ്പർവൈസർ, ലോൺട്രി സൂപ്പർവൈസർ എന്നീ തസ്തികകളുള്ള സ്ഥാപനങ്ങളിൽ ഈ തസ്തികകളിൽ ചുരുങ്ങിയത് ഒരു സൗദിയെ എങ്കിലും നിയമിക്കലും നിർബന്ധമാണ്. 
ഡിപ്പാർട്ട്‌മെന്റുകളും സ്‌പെഷ്യലിസ്റ്റ് തൊഴിലുകളും 2019 ഡിസംബർ 27 മുതലും സൂപ്പർവൈസർ, അസിസ്റ്റന്റ് മാനേജർ തസ്തികകൾ 2020 ജൂൺ 22 മുതലും മാനേജർ തസ്തികകൾ 2020 ഡിസംബർ 16 മുതലുമാണ് സൗദിവൽക്കരണം നടപ്പാക്കേണ്ടത്. 
സൗദിവൽക്കരിക്കുന്നതിന് തീരുമാനിച്ച തൊഴിലുകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതും ഈ തൊഴിലുകൾ നിർവഹിക്കുന്നതിന് വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. 
ഹോട്ടൽ, ടൂറിസം മേഖലയിൽ സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് രണ്ടര വർഷം മുമ്പ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയാണ് പുതിയ തീരുമാനം. ഹോട്ടൽ മേഖലാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ച് അവരുടെ കൂടി പങ്കാളിത്തത്തോടെയാണ് ഈ മേഖലയിലെ ചില വിഭാഗങ്ങളും തൊഴിൽ തസ്തികകളും സൗദിവൽക്കരിക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കൈക്കൊണ്ടത്. 


 

Latest News