റിയാദ്- തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തയാറാക്കി. മുഹറം ഒന്നു മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും പീഡനം, മോശം പെരുമാറ്റം എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കാനും ലക്ഷ്യമിടുന്ന നിയമാവലി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചിട്ടുണ്ട്.
ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി ഉപദ്രവിക്കല്‍, ബ്ലാക്ക്‌മെയിലിംഗ്, പ്രലോഭിപ്പിക്കല്‍, വാക്കേറ്റം, എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി ഒറ്റക്ക് കഴിയാന്‍ സാഹചര്യമുണ്ടാക്കല്‍, വിവേചനം, ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക കോട്ടങ്ങളുണ്ടാക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം നിയമാവലി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു.
തൊഴില്‍ നിയമം ബാധകമായ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നിയമാവലി ബാധകമായിരിക്കും. തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, ഒരു തൊഴിലാളിയുടെ മറ്റൊരു തൊഴിലാളിയോടുള്ള പെരുമാറ്റം, തൊഴില്‍ സ്ഥലത്തുള്ള മറ്റേതെങ്കിലും വ്യക്തികളോട് തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ പെരുമാറ്റം എന്നിവയെല്ലാം നിയമാവലിയുടെ പരിധിയില്‍ വരും.
തങ്ങള്‍ക്കെതിരായ നിയമ ലംഘനങ്ങളെ കുറിച്ച് സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇ-മെയിലുകളും വെബ്‌സൈറ്റുകളും വോയ്‌സ് റെക്കോര്‍ഡുകളും വഴി തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ പരാതികള്‍ നല്‍കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിയമാവലി അനുശാസിക്കുന്നു. സ്ഥാപന ഉടമയുടെ ഭാഗത്തു നിന്നാണ് മോശം പെരുമാറ്റങ്ങളുണ്ടാകുന്നതെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് പരാതി നല്‍കേണ്ടത്.