റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട രണ്ടു ഡ്രോണുകൾ സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്നലെ രാവിലെ ജിസാൻ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഡ്രോണും വ്യാഴാഴ്ച രാത്രി സൻആയിൽ നിന്ന് തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനവുമാണ് സഖ്യസേന തകർത്തത്. ജിസാനിലെ സിവിലിയൻ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഹൂത്തികൾ ഇന്നലെ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി തൊടുത്തിവിട്ട ഡ്രോൺ യെമൻ വ്യോമമേഖലയിൽ വെച്ചു തന്നെ കണ്ടെത്തി വെടിവെച്ചിടുന്നതിന് സഖ്യസേനക്ക് സാധിച്ചു. ജനവാസ കേന്ദ്രങ്ങളും സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുന്നത് യുദ്ധക്കുറ്റമാണെന്നും ഇതിന് അന്താരാഷ്ട്ര നിയമം അനുസരിച്ച് ഹൂത്തികൾ കണക്കു പറയേണ്ടിവരുമെന്നും കേണൽ തുർക്കി അൽമാലികി കൂട്ടിച്ചേർത്തു.