റിയാദ് - ബിനാമി ബിസിനസ് കേസിൽ സൗദി പൗരനെയും സിറിയക്കാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു. റിയാദിൽ കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ സിറിയക്കാരൻ ഫൈസൽ ബിൻ ഹുസൈൻ അൽഅമീറ, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ ഫഹദ് ബിൻ അബ്ദുറഹ്മാൻ സുവൈദ് അൽഖദാഹ് എന്നിവർക്ക് കോടതി 40,000 റിയാൽ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെയും സിറിയക്കാരന്റെയും സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ഭാര്യയുടെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉപയോഗിച്ചാണ് സൗദി പൗരൻ കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തുന്നതിന് സിറിയക്കാരന് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്.
റിയാദിൽ പ്രവർത്തിക്കുന്ന കോൺട്രാക്ടിംഗ് സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വേതനത്തിനും വരുമാനത്തിനും നിരക്കാത്ത നിലക്ക് ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സിറിയക്കാരൻ നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി. ലീഗൽ അഡൈ്വസർ പ്രൊഫഷനിലുള്ള വിസയിൽ രാജ്യത്തെത്തിയ സിറിയക്കാരൻ സൗദി പൗരന്റെ സഹായത്തോടെ സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് സ്ഥാപനം നടത്തുകയായിരുന്നു. സൗദി പൗരനും രേഖകൾ പ്രകാരം സ്ഥാപനത്തിന്റെ ഉടമയായ ഭാര്യയും റിയാദ് നഗരത്തിനു പുറത്താണ് താമസിക്കുന്നതെന്നും വ്യക്തമായി. ബിനാമി സ്ഥാപനമാണെന്ന് തെളിഞ്ഞതോടെ സിറിയക്കാരനും സൗദി പൗരനും എതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.