ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യതയും തെളിമയും ലോകത്തോടു വിളിച്ചു പറഞ്ഞ ഏറ്റവും മഹത്തായ നിയമ നിർമാണമായിരുന്നു ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമം. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ, ജനങ്ങൾ ഈ നിയമായുധം കൊണ്ട് വിചാരണ ചെയ്തു. ഈ നിയമത്തെ ജീവഛവമാക്കി, ഒരിക്കൽ കൂടി സ്വേഛാധികാര പ്രവണത തെളിയിക്കുകയാണ് രണ്ടാം മോഡി സർക്കാർ.
പാർലമെന്റിന്റെ നടപ്പുസമ്മേളനം നിയമ ഭേദഗതി ബില്ലുകളുടേയും പുതിയ നിയമ നിർമാണങ്ങളുടേയും പൂക്കാലമായിരിക്കുന്നു. എല്ലാ ദിവസവും പാർലമെന്റിൽ, ഇരുണ്ട കാലത്തിന്റെ മുഴക്കങ്ങൾ കേൾക്കുന്നു. വൻഭൂരിപക്ഷത്തിന്റെ ബലത്തിൽ, നിയമങ്ങളോരോന്നും ജനാധിപത്യ വിരുദ്ധമായി തിരുത്തിയെഴുതുമ്പോൾ, ദുർബലരായ പ്രതിപക്ഷത്തിന് ഇരുണ്ട ദിനങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ആവർത്തിക്കാനേ സാധിക്കുന്നുള്ളൂ. ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും അസദുദ്ദീൻ ഉവൈസിയുമൊക്കെ കൂടി ഈ കരാള കാലത്തിന്റെ നഖചിത്രങ്ങൾ ലോക്‌സഭയുടെ നാലു ചുവരുകൾക്കിടയിൽ കോറിയിടുന്നുണ്ടെന്നതു മാത്രമാണ് ആശ്വാസം.
ഈ പാർലമെന്റ് സമ്മേളനം കണ്ട ഏറ്റവും ജനവിരുദ്ധമായ നിയമ ഭേദഗതി വിവരാവകാശ നിയമത്തിന്റെ ചിറകരിഞ്ഞതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യതയും തെളിമയും ലോകത്തോടു വിളിച്ചു പറഞ്ഞ ഏറ്റവും മഹത്തായ നിയമ നിർമാണമായിരുന്നു യു.പി.എ സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമം. ഭരണകൂടാരങ്ങളുടെ അകത്തളങ്ങളിലേക്ക് ജനമനസ്സുകളുടെ പ്രകാശത്തെ ആനയിച്ച നിയമം. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ, ജനങ്ങൾ ഈ നിയമായുധം കൊണ്ട് വിചചാരണ ചെയ്തു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പ്രതിരോധ രഹസ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാ രംഗത്തും ഒളിച്ചുവെക്കലുകളില്ലാത്ത തുറന്ന പ്രവർത്തനത്തിന്റെ സത്യാസത്യങ്ങൾ നേരിട്ട് അന്വേഷിച്ച് മനസ്സിലാക്കാൻ ജനങ്ങൾക്ക് കെൽപ് നൽകിയ നിയമം. അതിനെയാണ് രണ്ടാം മോഡി സർക്കാർ ഇല്ലാതാക്കിയത്.
ഇന്ത്യൻ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാരേയും തുല്യരായാണ് കാണുന്നത്. അവിടെ ഭരണക്കാരും ഭരണീയരുമില്ല. വി, ദ പീപ്പ്ൾ ഓഫ് ഇന്ത്യ എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം സംശയരഹിതമായി വിളിച്ചുപറയുന്നത് ഈ തുല്യതയെക്കുറിച്ചാണ്. അത് ഏട്ടിലെ പശുവല്ലെന്ന് തെളിയിച്ച നിയമമായിരുന്നു വിവരാവകാശ നിയമം. കേവലമായ വാക്കുകൾക്കപ്പുറം പ്രയോഗ തലത്തിലേക്ക് ഈ മഹത്തായ ആശയത്തെ ആനയിച്ച, സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും മൂല്യവത്തായ നിയമങ്ങളിലൊന്ന്. അധികാരത്തിന്റെ സ്വേഛാപ്രയോഗങ്ങൾക്കെതിരെ ഓരോ പൗരനേയും അവന്റെ പരമാധികാര ശക്തിയെക്കുറിച്ച് ഓർമിപ്പിക്കുകയും നിരവധിയായ മാർഗങ്ങളിലൂടെ അധികാര പ്രയോഗത്തിന്റെ അവ്യക്തതകളെ തിരുത്തുകയും ചെയ്യാൻ സഹായിച്ച നിയമം.
അത്തരമൊരു നിയമത്തെ വെറും നോക്കുകുത്തിയാക്കാനും ഭരണ കൊത്തളങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാനുമുള്ള ഭേദഗതികളാണ് മോഡി സർക്കാർ കൊണ്ടുവന്നത്. തങ്ങളുടെ പ്രവൃത്തികളെ നീതീകരിക്കാനും വിജയിപ്പിക്കാനും കള്ളം പറയുക അല്ലെങ്കിൽ സത്യം മറച്ചുവെക്കുക എന്നത് എല്ലാ സർക്കാരുകളുടേയും പ്രവർത്തന പദ്ധതിയാണ്. അസത്യങ്ങളുടെ മൂടുപടം നീക്കി, സത്യത്തിന്റെ വെളിച്ചം പരത്താനും ഭരണ നടത്തിപ്പിന്റെ അകത്തളങ്ങളിലേക്ക് ആഴ്ന്നിറങ്ങി യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാനും സാധാരണ പൗരന്മാരെ ശാക്തീകരിച്ച ഒരേയൊരു മാർഗമായിരുന്നു വിവരാവകാശ നിയമം. ലളിത സുതാര്യമായും മൗലികമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിർവചിച്ച മറ്റൊരു നിയമ നിർമാണവും സമീപകാല ഇന്ത്യ കണ്ടിട്ടില്ല. വാർത്തകളെ മറച്ചുപിടിക്കാനും കണക്കുകൾ അട്ടിമറിക്കാനും നിർണായക വിവരങ്ങൾ ദേശസുരക്ഷയുടെ മറവിൽ ഒളിച്ചുവെക്കാനും സർക്കാരുകൾക്ക് കഴിയുമായിരുന്നു. എന്നാൽ വിവരാവകാശ നിയമം വന്നതോടെ അതിനുള്ള സാധ്യതകൾ തുലോം വിരളമായി. ഏകദേശം അമ്പത് ലക്ഷത്തോളം വിവരാവകാശ അപേക്ഷകളാണ് എല്ലാ വർഷവും സർക്കാരിന് ലഭിച്ചുകൊണ്ടിരുന്നത് എന്നതു തന്നെ ഈ നിയമം സാധാരണ പൗരന്മാർക്ക് നൽകിയ ശക്തിയും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ്.
വലിയ വലിയ കാര്യങ്ങൾ മാത്രമല്ല, തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളിൽ പോലും സർക്കാരിനെ നേരായി നടത്തിക്കാൻ ഈ നിയമത്തിന്റെ ശക്തിക്ക് കഴിഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന റേഷൻ മുതൽ പൊതുമരാമത്ത് റോഡിന്റെ അവസ്ഥ വരെ, സർക്കാർ ഫണ്ട് വിനിയോഗിക്കുന്ന ഏതൊരു പദ്ധതിയും വിവരാവകാശ നിയമത്തിന്റെ ശക്തിയുപയോഗിച്ച് പൗരന്മാർക്ക് സമൂഹ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്നു.
ജനാധിപത്യപരമായ അന്വേഷണങ്ങളുടേയും പങ്കാളിത്തത്തിന്റേയും സത്ത ഉയർത്തിപ്പിടിച്ച നിയമത്തിലാണ് മോഡി സർക്കാർ കൈവെച്ചത്. ഈ നിയമ ഭേദഗതി പാസാക്കിയതിലൂടെ, സർക്കാരിന് അവർക്ക് ഇഷ്ടമുള്ള വിവരം മാത്രം പൗരന്മാർക്ക് നൽകിയാൽ മതിയെന്ന സൗകര്യമുണ്ടാക്കി. നിയമം ഒന്നാകെ റദ്ദാക്കുന്നതിന് പകരം അതിനെ ജീവഛവമാക്കി ഇല്ലാതാക്കുകയാണ് മോഡിയും അമിത് ഷായും ചെയ്തത്. അധികാര കേന്ദ്രീകരണത്തിനെതിരായ ഒരു നിയമം, സ്വേഛാധികാര സ്വഭാവമുള്ള ഒരു സർക്കാരിനെ അസ്വസ്ഥമാക്കുക സ്വാഭാവികമാണ്. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള സ്വാധീനങ്ങളിൽനിന്നും സമ്മർദങ്ങളിൽനിന്നും മുക്തമായതും തികച്ചും സ്വതന്ത്ര സ്വഭാവമുള്ളതുമായ ഇൻഫർമേഷൻ കമ്മീഷന് മാത്രമേ ഈ നിയമം അതിന്റെ അന്തസ്സത്തയിൽ നടപ്പാക്കാനാവൂ. അതില്ലാതാക്കുകയാണ് മോഡി സർക്കാരിന്റെ ധർമം.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും എന്തിന് ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കിയ അധികാര വിളയാട്ടത്തിനൊടുവിലാണ് രണ്ടാം മോഡി സർക്കാർ സ്ഥാനമേൽക്കുന്നത്. ഈ രണ്ടാമൂഴത്തിൽ അവർ ആഗ്രഹിക്കുന്നത് രാജ്യത്തെ പൗരാവകാശങ്ങളേയും മനുഷ്യാവകാശങ്ങളേയും നിലനിർത്തുന്ന നിയമത്തിന്റെ ശക്തി കുറക്കുക എന്നതാണ്. വിവരാവകാശ നിയമത്തിൽ മാത്രമല്ല, കഴിഞ്ഞ ദിവസം കൊണ്ടുവന്ന യു.എ.പി.എ നിയമ ഭേദഗതിയിലും ഈ ദുഷ്ടലാക്ക് വ്യക്തമാണ്. യു.എ.പി.എ നിയമ ഭേദഗതി ബില്ലിലെ ചർച്ചക്ക് മറുപടി പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിലെ പ്രധാന ഊന്നൽ അർബൻ മാവോയിസത്തിനെതിരായിരുന്നു എന്നത് ശ്രദ്ധേയമാണ്. കാട്ടിൽ തോക്കും ബോംബുമായി നടക്കുന്ന മാവോയിസ്റ്റുകളല്ല അമിത് ഷായുടേയും കൂട്ടരുടേയും ഉന്നം. മറിച്ച് നാട്ടിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും ശബ്ദിക്കുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും സ്വതന്ത്ര ചിന്തകരുമാണ്. അവരെയാണ് അമിത് ഷായും അദ്ദേഹത്തിന്റെ പാർട്ടിയും അർബൻ നക്‌സലുകളെന്ന് വിളിക്കുന്നത്. ഇനിമേൽ അവരുടെ മുകളിൽ യു.എ.പി.എ ചുമത്താൻ സർക്കാരിന് എളുപ്പം സാധിക്കും. അതാണ് പുതിയ നിയമ ഭേദഗതി. എല്ലാ സ്വതന്ത്ര ശബ്ദങ്ങളേയും അടിച്ചമർത്തുകയെന്ന ഫാസിസ്റ്റ് രീതിയുടെ സമ്പൂർണമായ നടപ്പാക്കലാണ് ഈ നിയമ ഭേദഗതികളിലൂടെ തെളിയുന്നത്. വിവരാവകാശ നിയമത്തിന്റെ ചിറകരിഞ്ഞതും മറ്റൊന്നിനുമല്ല.
വിവരാവകാശ കമ്മീഷനുകളെ ദുർബലമാക്കുക എന്നത് ജനങ്ങളുടെ ശക്തിയെ ഇല്ലാതാക്കാനുള്ള ആദ്യ നടപടി. ഈ ബിൽ ചർച്ചക്കിടെ, രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൂടി അംഗമായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിവരാവകാശ കമ്മീഷനുകളുടെ സ്വയംഭരണാവകാശം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞതാണ്. വിവരാവകാശ നിയമത്തിന്റെ ഏറ്റവും വലിയ സൃഷ്ടി വിവരാവകാശ കമ്മീഷനുകളാണ്. നിയമത്തിന്റെ അന്തസ്സത്ത നടപ്പാക്കാനുള്ള പ്രധാന ഉപകരണമാണത്. അതിനാൽ തന്നെ പരമാവധി സ്വാതന്ത്ര്യവും സ്വയംഭരണവും കമ്മീഷനുകൾക്ക് അനുവദിക്കണമെന്ന് ഈ കമ്മിറ്റി എടുത്തുപറയുകയുണ്ടായി. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേന്ദ്ര വിവരാവകാശ കമ്മീഷണർക്കും സംസ്ഥാന വിവരാവകാശ കമ്മീഷണർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമുള്ള പദവി നൽകണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നു.
2005 മുതൽ തന്നെ വ്യത്യസ്തങ്ങളായ ഭേദഗതികളിലൂടെ വിവരാവകാശ നിയമത്തെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ രണ്ടാം മോഡി സർക്കാർ ഇപ്പോൾ കൊണ്ടുവന്ന നിയമഭേദഗതി ഒരു കടുംവെട്ടാണ്. സത്യങ്ങൾ വെളിപ്പെടുത്താനുള്ള ഒരു സ്വേഛാധികാര സർക്കാരിന്റെ വിമുഖതയാണ് അധികാരമേറ്റ് അമ്പതു ദിവസത്തിനുള്ളിൽ തന്നെ ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ധിറുതി സൂചിപ്പിക്കുന്നത്. വിവരാവകാശ കമ്മീഷനുകളുടെ സ്വയംഭരണാധികാരത്തിൽ വെള്ളം ചേർക്കാനുള്ള അവരുടെ ശ്രമം അമിതാധികാര പ്രവണതകൾക്ക് തടയിടാൻ ശേഷിയുള്ള സ്വതന്ത്രമായ സ്ഥാപനങ്ങളെ ദുർബലമാക്കുകയെന്ന ലക്ഷ്യത്തിന്റെ പ്രകടമായ ഉദാഹരണമാകുകയും ചെയ്യുന്നു.
എല്ലാ ജനാധിപത്യ അവകാശങ്ങളുടേയും അടിസ്ഥാനമെന്നത് നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശമാണ്. ഇതാണ് വിവരാവകാശ നിയമത്തിലൂടെ സാധിതമായിരുന്നത്. സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയേയും നിക്ഷിപ്ത താൽപര്യങ്ങളേയും എതിർത്തു തോൽപിക്കാനുള്ള നിയമത്തിന്റെ വഴിയാണത്. ആ വഴി അടച്ചുകളയുന്നതിലൂടെ ജനങ്ങളെ ഇരുണ്ട നീതിയുടെ ഭയാനകത്വത്തിലേക്ക് നയിക്കുകയാണ് മോഡി. ഭരണഘടനാ പ്രയോഗത്തിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമായാണ് വിവരാവകാശ നിയമത്തെ അന്താരാഷ്ട്ര സമൂഹം കണ്ടിരുന്നത്. ചന്ദ്രനിൽ ത്രിവർണ പ്രകാശം പരക്കുമ്പോൾ ഇങ്ങ് ഭൂമിയിൽ അസഹിഷ്ണുതയുടേയും രഹസ്യങ്ങളുടേയും ഇരുട്ട് പരക്കുകയാണല്ലോ എന്നോർത്ത് വേവലാതിപ്പെടാൻ മാത്രമേ ജനാധിപത്യ വിശ്വാസികൾക്ക് കഴിയൂ.