നരേന്ദ്ര മോഡി സർക്കാർ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളും ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് ഗുണകരമായ ഒരു നടപടിയും അതിൽ ഉൾപ്പെട്ടില്ലെന്നുള്ളത് യാദൃഛികമല്ല. തങ്ങളുടെ രാഷ്ട്രീയ, ആശയ, സാമ്പത്തിക താൽപര്യങ്ങൾക്കു മാത്രമാണ് മുഖ്യ പരിഗണന നൽകിയിരിക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൾക്ക് കൂടുതൽ അധികാരം നൽകുക, വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുക, യുഎപിഎ നിയമത്തിന്റെ ദുരുപയോഗ സാധ്യത വർധിക്കുക എന്നിവയ്ക്കിടയാക്കുന്ന തങ്ങളുടെ സങ്കുചിത താൽപര്യ സംരക്ഷണാർഥമുള്ള നിയമ ഭേദഗതികളാണ് ഇതിന്റെ ഭാഗമായി പാസാക്കിയെടുത്തിരിക്കുന്നത്. തങ്ങളെ സാമ്പത്തികമായി നിലനിർത്തുന്ന കോർപറേറ്റ് യജമാനന്മാരോടും വ്യവസായ തമ്പുരാക്കന്മാരോടുമുള്ള വിധേയത്വത്തിന്റെ ഭാഗമായി തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയെന്നത് ഒന്നാം മോഡി സർക്കാരിന്റെ കാലം മുതലുള്ള ലക്ഷ്യമായിരുന്നു. ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളെ പ്രസ്തുത നിയമ നിർമാണത്തിന്റെ പരീക്ഷണശാലകളാക്കുകയും ചെയ്തു.
ഹരിയാന പോലുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കുവാൻ നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഭരണാധികാരികൾ വിവിധ സംസ്ഥാനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നതാണ്.
രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി ധനമന്ത്രി നിർമലാ സീതാരാമൻ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാലു നിയമ സംഹിതകളാക്കുമെന്ന ആദ്യ പ്രഖ്യാപനം ഉണ്ടായത്. അപ്പോൾ തന്നെ ഇതിനെതിരെ ബി.ജെ.പിയുടെ കീഴിലുള്ള ബി.എം.എസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ സർക്കാർ മുന്നോട്ടു പോകുകയാണ്. തൊഴിൽ നിയമങ്ങൾ നാലു നിയമ സംഹിതകളാക്കുന്നതിന്റെ ഭാഗമായുള്ള വേതനം സംബന്ധിച്ച വേജസ് കോഡ്, സാമൂഹ്യ സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ് എന്നിവ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 13 തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് സാമൂഹ്യ സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ് അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആശങ്കകൾ ഒന്നിനു പോലും വിശദീകരണം നൽകാതെയാണ് രണ്ടു കോഡുകളും അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലാളികളുടെ താൽപര്യങ്ങൾ പൂർണമായും ഹനിക്കുന്നതും കോർപറേറ്റുകളോട് മുൻധാരണയോടെ തങ്ങൾക്കുള്ള താൽപര്യങ്ങൾ നടപ്പിലാക്കുന്നതുമായ വകുപ്പുകൾ ഉൾച്ചേർത്താണ് ഇത് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പരിരക്ഷകൾ ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് ഇതിലുള്ളത്. തൊഴിൽ നിയമങ്ങൾ ബാധകമാകുന്നതിനുള്ള തൊഴിലാളികളുടെ എണ്ണത്തിൽ വരുത്തിയ വ്യത്യാസം ഉടമകൾക്ക് തോന്നിയതു പോലെ തൊഴിലാളികളെ പിരിച്ചുവിടാനും ആനുകൂല്യങ്ങൾ നിഷേധിക്കാനും അവസരമൊരുക്കുന്നതാണ്. അസംഘടിത മേഖലയിലെ 90 ശതമാനത്തെയും നിയമ പരിരക്ഷയുടെ പുറത്തേക്ക് തള്ളിവിടുന്നതാണ് അവതരിപ്പിച്ചിരിക്കുന്ന കോഡുകൾ.
നിയമങ്ങളുടെ പരിരക്ഷയും ലേബർ കോൺഫറൻസുകളുടെ തീരുമാനങ്ങളും എല്ലാം ഉണ്ടായിട്ടും നിശ്ചിതമായ വേതനമോ ചട്ടപ്രകാരമുള്ള കുറഞ്ഞ വേതന ഘടനയോ ഇപ്പോഴും രാജ്യത്ത് നടപ്പിലാക്കപ്പെട്ടില്ലെന്നത് യാഥാർഥ്യമാണ്.
കുറഞ്ഞ പ്രതിമാസ വേതനമായി 18,000 രൂപ നൽകണമെന്ന തീരുമാനം നിലനിൽക്കേയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കുറഞ്ഞ പ്രതിമാസ വേതനമായി 4,628 രൂപ നിശ്ചയിച്ചത്.
ഇത്തരത്തിൽ സർക്കാർ തന്നെ നിയമ ലംഘനങ്ങൾ നടത്തിക്കൊണ്ടിരിക്കേയാണ് ഉടമകൾക്ക് എന്തുമാകാമെന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായകമാകുന്ന നിയമ നിർമാണത്തിന് കേന്ദ്രം തുനിഞ്ഞിരിക്കുന്നത്.
ആരോഗ്യ പരിരക്ഷയുടെ ഭാഗമായി നടപ്പിലാക്കിയിരുന്ന വിവിധ പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കുന്നതിനും പകരം വൻകിട ഇൻഷുറൻസ് കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കും ലാഭക്കൊതിക്കും കൂട്ടുനിൽക്കുന്നതിന് ഉടമകൾക്ക് അവസരം നൽകുന്നതു കൂടിയാണ് ഈ രണ്ടു കോഡുകളും. ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് എന്നിവയുൾപ്പെടെ വിഹിതങ്ങൾ വെട്ടിക്കുറച്ചും ആനുകൂല്യങ്ങൾ ചുരുക്കിയും ഇപ്പോൾ തന്നെ ഉടമകൾക്ക് പ്രോത്സാഹനം നൽകുന്നുമുണ്ട്.
മറ്റൊരു പ്രധാന വസ്തുത ഈ നിയമ നിർമാണ പ്രക്രിയ ഉയർത്തുന്ന ഫെഡറൽ തത്വങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. തൊഴിൽ നിയമങ്ങൾ സംസ്ഥാന, – കേന്ദ്ര അധികാരങ്ങളിൽ പെടുന്നവയാണ്. അതുകൊണ്ടു തന്നെ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടി ഫെഡറൽ കാഴ്ചപ്പാടുകളെയും വെല്ലുവിളിക്കുന്നുണ്ട്. ഇതെല്ലാം കൊണ്ടാണ് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഇതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. സംഘ്പരിവാർ സംഘടനയായ ബി.എം.എസ് ഈ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അത് ആത്മാർഥമായിട്ടാണെങ്കിൽ ലോക്‌സഭയിൽ ഇത് പാസാകാതിരിക്കാൻ തങ്ങളുടെ പാർലമെന്റ് അംഗങ്ങളെ പ്രേരിപ്പിക്കാൻ അവർ ശ്രമിക്കണം.