കൊച്ചി- എൽദോ എബ്രഹാം എം.എൽ.എയെ പോലീസ് അടിക്കാൻ കാരണം അങ്ങോട്ടുപോയി പ്രതിഷേധിച്ചിട്ടാണെന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പാർട്ടിയിൽ അമർഷം പുകയുന്നു. കാനത്തോട് നേരിട്ട് അതൃപ്തി അറിയിക്കുമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. അങ്ങോട്ടുപോയി അടിമേടിച്ചെന്ന് പറയാനിടയായ സാഹചര്യം എന്താണെന്ന് അദ്ദേഹത്തോട് സംസാരിക്കും. ലാത്തിച്ചാർജിനുള്ള പശ്ചാത്തലമില്ലാതെയാണ് പോലീസ് അതിക്രമം നടത്തിയത്. ഉദ്യോഗസ്ഥർക്ക് പിശകുപറ്റിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസ് നടപടി തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞത്. സാധാരണ അങ്ങനെ പറയാത്ത ആളാണ് മുഖ്യമന്ത്രിയെന്നും പി രാജു ചൂണ്ടിക്കാട്ടി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതുതന്നെയാണ് പറഞ്ഞത്. സമരം വേണ്ടെന്നോ,തെറ്റാണെന്നോ പാർട്ടി പറഞ്ഞിരുന്നില്ല. സംഭവത്തിൽ ജില്ലാ കളക്ടർ തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.എന്തുനടപടിയുണ്ടാകുമെന്ന് കാത്തിരിക്കുകയാണ്. അതിനെ ആശ്രയിച്ചാകും തുടർ പ്രക്ഷോഭങ്ങളെന്നും പി രാജു വ്യക്തമാക്കി. കൊച്ചിയിലെ സംഭവത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു മുൻ എം.പി സിഎൻ ജയദേവൻ വ്യക്തമാക്കിയത്. ഒളിയമ്പ്. ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്നും ജയദേവൻ പറഞ്ഞു. അതിനിടെ, കാനം രാജേന്ദ്രനൈതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. തിരുത്തൽവാദികൾ സിപിഐ അമ്പലപ്പുഴ പേരിലാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ പതിച്ചത്.