കോഴിക്കോട് - സ്വകാര്യവത്ക്കരിക്കാനുള്ള പുതിയ വിമാനതാവളങ്ങളുടെ പട്ടികയിൽ കോഴിക്കോടും. ഇതിനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. പത്തു വിമാനത്താവളങ്ങളാണ് എയർപോർട്‌സ് അതോറിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇക്കഴിഞ്ഞ 22നു ദൽഹിയിൽ എയർപോർട്‌സ് അതോറിറ്റി ആസ്ഥാനത്ത് ചേർന്ന യോഗമാണ് പത്ത് വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കോഴിക്കോടിന് പുറമെ ടൃച്ചി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, പട്‌ന, ഇൻഡോർ, കോയമ്പത്തൂർ, റായ്പൂർ, റാഞ്ചി എന്നീ വിമാനത്താവളങ്ങളാണ് പുതിയ പട്ടികയിലുള്ളത്.
ഓരോ വിമാനതാവളത്തിന്റെയും സാധ്യതകൾ, സവിശേഷതകൾ, പ്രശ്‌നങ്ങൾ എന്നിവയെല്ലാം വിശദീകരിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അതോറിറ്റിക്ക് കീഴിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് യൂണിറ്റിനോട് നിർദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണ നീക്കവുമായി കേന്ദ്രം ഏറെ മുന്നിലാണ്. ഈ വിമാതാവളം അൻപത് വർഷത്തിന് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ കേരളം ശക്തമായ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല.