റിയാദ്- ഉന്നത, സ്‌പെഷ്യലിസ്റ്റ് തസ്തികകൾസൗദിവൽക്കരിക്കുന്നതിന് നീക്കമു ള്ളതായി സൂചിപ്പിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി. ഉയർന്ന യോഗ്യതയുള്ള സൗദി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിവലസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത, സ്‌പെഷ്യലിസ്റ്റ് തൊഴിലുകളിൽ ഇവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. സൗദി യുവതീയുവാക്കൾക്ക് കൂടുതൽ അനുയോജ്യമായ തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയെ കുറിച്ച് വൈകാതെ പരസ്യപ്പെടുത്തും. സൗദി യുവതീയുവാക്കൾ ഉയർന്ന കഴിവും ശേഷിയുമുള്ളവരാണ്. സൗദിവൽക്കരണ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സൗദി തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി പ്രമുഖ ആശുപത്രിയിലെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ജോർദാനികളെ തേടുന്ന പരസ്യം ജോർദാൻ തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.