Sorry, you need to enable JavaScript to visit this website.

കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് വേട്ട; യന്ത്രങ്ങളും പിടിച്ചു

കോഴിക്കോട്- കുന്ദമംഗലം കളരിക്കണ്ടി സ്‌കൂളിന് സമീപത്തെ വീട്ടില്‍നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും 12 ലക്ഷത്തിലധികം വരുന്ന അച്ചടിച്ച കളളനോട്ടുകളും പിടിച്ചു. വര്യട്ട്യാക്ക് നൊച്ചിപ്പൊയില്‍ പുല്‍പ്പറമ്പില്‍ ഷെമീര്‍ വാടകക്ക് താമസിക്കുന്ന കളരിക്കണ്ടി ആലുംതോട്ടത്തില്‍ വീട്ടില്‍ നിന്നാണ് കുന്നമംഗലം എസ്.ഐ ശ്രീജിത്തും സംഘവും കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ ആറേമുക്കാല്‍ ലക്ഷത്തിന്റെ കളളനോട്ടുകള്‍ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ നാല് പേരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നമംഗലത്തെ കളരികണ്ടിയിലും രാമനാട്ടുകരയിലും പോലീസ് റെയ്ഡ് നടത്തിയത്. രാമനാട്ടുകരയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ കളളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത കള്ളനോട്ടുകള്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും രൂപയുടേതാണ്. ഒരു നൂറ് രൂപയും ഇതില്‍ ഉള്‍പ്പെടും. മൂന്ന് യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് പ്രിന്ററുകള്‍, ഒരു സ്‌കാനര്‍, അച്ചടിക്കാനുള്ള പേപ്പറുകള്‍, മഷി, കമ്പ്യൂട്ടര്‍ സി.പി.യു, കട്ടിംഗ് മെഷീന്‍, ഒരു ഭാഗം മാത്രം അച്ചടിച്ച നോട്ടുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ ഷെമീറിന്റെ ഭാര്യ അസ്‌ന, ഉമ്മ മറിയ എന്നിവരും മൂന്ന് വയസുള്ള മകനുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് അയല്‍വാസികളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. മുറികളുടെ ജനലുകള്‍ എല്ലാം പുതപ്പുകളും സാരിയും കൊണ്ട് മറച്ചിരുന്നു. ആര്‍ക്കും ഷെമീറിനെക്കുറിച്ച് വ്യക്തമായി അറിയില്ല.
കമ്മീഷണര്‍ എ.വി.ജോര്‍ജ്, ഡി.സി.പി വാഹിദ്, മെഡിക്കല്‍ കോളേജ് സി.ഐ മൂസ്സ വള്ളിക്കാടന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. റെയ്ഡിന് കുന്നമംഗലം എസ്.ഐ ശ്രീജിത്തിന് പുറമെ എഎസ്.ഐ അബ്ദുല്‍ മുനീര്‍, സീനിയര്‍ സി.പി.ഒ അബ്ദുറഹ്മാന്‍, സി.പിഒമാരായ രജീഷ്, ഗിരീഷ്, സുബീഷ്, അഖിലേഷ്, പ്രിന്‍സി എന്നിവര്‍ പങ്കെടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

 

Latest News