മക്ക- മക്ക ആരോഗ്യ വകുപ്പുമായി കരാർ ഒപ്പുവെച്ച സ്വകാര്യ കമ്പനിക്കു കീഴിലെ ശുചീകരണ തൊഴിലാളികൾ ദിവസങ്ങളായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു. ആറു മാസത്തിലധികമായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മക്ക ആരോഗ്യ വകുപ്പ് ആസ്ഥാനത്തെയും ചില ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ശുചീകരണ ജോലികളുടെ കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് മക്ക ആരോഗ്യ വകുപ്പ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇതോടെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ശുചീകരണ നിലവാരം മോശമായി. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മക്ക ആരോഗ്യ വകുപ്പ് നിരവധി തവണ യോഗം വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. കരാർ പ്രകാരം ലഭിക്കാനുള്ള കുടിശ്ശിക മക്ക ആരോഗ്യ വകുപ്പ് വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. മക്ക ആരോഗ്യ വകുപ്പിനു കീഴിലെ ശുചീകരണ ജോലികളുടെ കരാർ ഒരു കമ്പനിക്ക് നൽകിയതാണ് പ്രശ്‌നം സങ്കീർണമാക്കിയതെന്നും ഇതുമൂലം മറ്റു കമ്പനികളിൽ നിന്നുള്ള തൊഴിലാളികളെ ലഭ്യമാക്കി പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കാണുന്നതിന് അവസരമില്ലാതായതായും ബന്ധപ്പെട്ടവർ പറഞ്ഞു.
കരാറുകാരനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മക്ക ആരോഗ്യ വകുപ്പ് വക്താവ് ഫൈഹാൻ അൽഉതൈബി പറഞ്ഞു. കരാർ പ്രകാരമുള്ള മുഴുവൻ വിഹിതവും കരാറുകാരന് കൊടുത്തുതീർത്തിട്ടുണ്ട്. അവശേഷിക്കുന്ന വിഹിതം തീർക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. കമ്പനിക്ക് അന്തിമ വാണിംഗ് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ വേതന കുടിശ്ശിക ലേബർ ഓഫീസിലെ ലേബർ കമ്മിറ്റി വഴി വിതരണം ചെയ്യുമെന്നും ഫൈഹാൻ അൽഉതൈബി പറഞ്ഞു.