Sorry, you need to enable JavaScript to visit this website.

ഡോക്ടർമാരും നഴ്‌സുമാരടക്കം 35000 ആരോഗ്യ പ്രവർത്തകർക്ക് സൗദിയിൽ വിലക്ക്

ഫഹദ് അൽഖുഥാമി 

റിയാദ്- മതിയായ യോഗ്യതകളില്ലാത്ത ഡോക്ടർമാരും നഴ്‌സുമാരും അടക്കം 35,000 ലേറെ ആരോഗ്യ മേഖലാ പ്രവർത്തകർക്ക് ഇരുപത്തിയഞ്ചു വർഷത്തിനിടെ സൗദി കൗൺസിൽ ഓഫ് ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് വിലക്കേർപ്പെടുത്തിയതായി കൗൺസിൽ വക്താവ് ഫഹദ് അൽഖുഥാമി പറഞ്ഞു. വ്യാജ പരിചയ സമ്പത്ത് സർട്ടിഫിക്കറ്റ് സൃഷ്ടിക്കുന്ന ഭീഷണി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്ന ഭീഷണിയേക്കാൾ ഒട്ടും ചെറുതല്ല. മതിയായ യോഗ്യതയും പരിചയ സമ്പത്തുമില്ലാത്ത ആരോഗ്യ പ്രവർത്തകർ ആരോഗ്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇടയാക്കും. ഇത് രോഗികളുടെ ജീവന് ഭീഷണിയായി മാറും. 
യോഗ്യരല്ലാത്ത ആരോഗ്യ പ്രവർത്തകരിൽ നിന്ന് ആരോഗ്യ മേഖലാ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുന്ന പങ്കാണ് കൗൺസിൽ വഹിക്കുന്നത്. ആരോഗ്യ മേഖലാ പ്രവർത്തകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് പ്രവർത്തിക്കുന്ന പ്രത്യേക വകുപ്പുണ്ടാകുന്നത് രോഗികൾക്കും ആരോഗ്യ മേഖലാ സ്ഥാപനങ്ങൾക്കും ഒരുപോലെ സംതൃപ്തിയും സമാധാനവും നൽകും. 
ആരോഗ്യ മേഖലാ പ്രവർത്തകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതിനും വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര കമ്പനിയുമായി കൗൺസിൽ ദീർഘ കാലം മുമ്പ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. 
ആശുപത്രികളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി ആരോഗ്യ പ്രവർത്തകരുടെ പക്കലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ കണ്ടെത്തുന്നതിന് സാധിക്കുന്നതായും ഫഹദ് അൽഖുഥാമി പറഞ്ഞു. കഴിഞ്ഞ വർഷം 200 വ്യാജ സർട്ടിഫിക്കറ്റുകൾ കൗൺസിൽ കണ്ടെത്തിയിരുന്നു. ചികിത്സാ പിഴവ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ ആയിരത്തിലേറെ പേരെ കഴിഞ്ഞ കൊല്ലം സൗദി കൗൺസിൽ ഓഫ് ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

 

 

Latest News