Sorry, you need to enable JavaScript to visit this website.

സൗദിക്കെതിരായ യു.എസ്  കോൺഗ്രസ് പ്രമേയം ട്രംപ് വീറ്റോ ചെയ്തു

റിയാദ്- സൗദി അറേബ്യക്കും യു.എ.ഇക്കും ആയുധങ്ങൾ വിൽക്കുന്നത് വിലക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ കോൺഗ്രസിന്റെ മൂന്നു പ്രമേയങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. യു.എസ് കോൺഗ്രസിന്റെ തീരുമാനം ആഗോള തലത്തിൽ അമേരിക്കയുടെ മത്സരശേഷി ദുർബലമാക്കുമെന്നും സഖ്യ രാജ്യങ്ങളുമായുള്ള സുപ്രധാന ബന്ധത്തിന് കോട്ടം തട്ടിക്കുമെന്നും സെനറ്റ് അംഗങ്ങൾക്ക് അയച്ച കത്തിൽ ട്രംപ് പറഞ്ഞു. സൗദി അറേബ്യക്കും യു.എ.ഇക്കും അമേരിക്കൻ ആയുധങ്ങളുടെ വിൽപന വിലക്കുന്നത് യെമൻ സംഘർഷം ദീർഘിപ്പിക്കുന്നതിനും യെമൻ സംഘർഷം മൂലമുള്ള ദുരിതം വർധിപ്പിക്കുന്നതിനും ഇടയാക്കിയേക്കുമെന്നും ട്രംപ് പറഞ്ഞു. 
കോൺഗ്രസ് പ്രമേയങ്ങൾ ബ്ലോക്ക് ചെയ്യുന്നതിന് ന്യായീകരണമായി മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികളും ട്രംപ് സൂചിപ്പിച്ചു. ഇറാന്റെയും മേഖലയിലെ ഇറാന്റെ ഏജൻസികളുടെയും ദുഷ്ട പ്രവർത്തനങ്ങൾക്കെതിരായ പുറങ്കോട്ടയാണ് സൗദി അറേബ്യയും യു.എ.ഇയും. കോൺഗ്രസ് ബ്ലോക്ക് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന ആയുധ ഇടപാട് ലൈസൻസുകൾ ഇറാന്റെയും ഇറാന്റെ ഏജൻസികളുടെയും ഭീഷണികൾ ചെറുക്കുന്നതിനുള്ള സൗദി അറേബ്യയുടെയും യു.എ.ഇയുടെയും ശേഷി ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. 
സൗദി അറേബ്യക്കും യു.എ.ഇക്കുമുള്ള ആയുധ വിൽപന വിലക്കുന്നതിനുള്ള യു.എസ് കോൺഗ്രസ് പ്രമേയങ്ങൾ ട്രംപിന് കടുത്ത തിരിച്ചടിയായിരുന്നു. മെയ് മാസത്തിൽ അസാധാരണ നടപടിയിലൂടെയാണ് നിയമ നിർമാണ സഭയെ മറികടന്ന് ആയുധ ഇടപാടുകൾക്ക് ട്രംപ് ഭരണകൂടം അനുമതി നൽകിയത്. 
മേഖലയിലെ പ്രശ്‌നക്കാരായ ഇറാൻ കാരണമായി ഉടലെടുത്ത അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ആയുധ ഇടപാടുകൾക്ക് ട്രംപ് ഭരണകൂടം അനുമതി നൽകിയതെന്ന് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. എന്നാൽ കോൺഗ്രസിനെ മറികടന്ന് തീരുമാനമെടുക്കുന്നതിന് നിയമാനുസൃത സാഹചര്യങ്ങളില്ലെന്ന് ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ അടക്കമുള്ള നിയമ നിർമാതാക്കൾ പറഞ്ഞു. 
ആയുധ വിൽപനകൾ യെമൻ യുദ്ധം കൂടുതൽ വഷളാക്കുമെന്ന് വിമർശകർ പറയുന്നു. യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി ഭീകരർക്കെതിരെ അമേരിക്കൻ പിന്തുണയോടെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സഖ്യസേന യുദ്ധം ചെയ്യുകയാണ്. യു.എ.ഇയും ഈ സഖ്യത്തിന്റെ ഭാഗമാണ്. 
അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ട്രംപ് വീറ്റോ അധികാരം വിനിയോഗിക്കുന്നത്. യെമനിൽ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകുന്നതിനും ഹൂത്തി അട്ടിമറി അവസാനിപ്പിക്കുന്നതിനും പ്രവർത്തിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കുള്ള അമേരിക്കൻ പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എസ് കോൺഗ്രസ് പ്രമേയം ഏപ്രിലിൽ ട്രംപ് വീറ്റോ ചെയ്തിരുന്നു. അമേരിക്ക-മെക്‌സിക്കോ അതിർത്തിയിൽ സുരക്ഷാ വേലി നിർമാണവുമായി ബന്ധപ്പെട്ടും നേരത്തെ ട്രംപ് വീറ്റോ അധികാരം വിനിയോഗിച്ചിരുന്നു. 

 

Latest News