Sorry, you need to enable JavaScript to visit this website.

നാഗദോഷം അകറ്റാൻ ശ്രീലങ്കൻ  പ്രധാനമന്ത്രി ബേളയിലേക്ക്

കാസർകോട് - ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ബേളയിൽ എത്തുന്നത് നാഗദോഷം അകറ്റുന്നതിനുള്ള പൂജ നടത്താൻ. വളരെക്കാലമായി മനസ്സിനെ അലട്ടുന്ന നാഗദോഷം തീർക്കുന്നതിനുള്ള പ്രതിവിധിയായി ജ്യോതിഷ പണ്ഡിതന്റെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം കാസർകോട് ബേളയിൽ വരുന്നത്. പൗരാണികമായ കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാളെ രാവിലെ ഏഴ് മണിക്ക് സർപ്പദോഷം അകറ്റുന്നതിനുള്ള പ്രത്യേക പൂജയായ ആശ്ലേഷ പൂജയിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സംബന്ധിക്കും. 
ആയില്യം നക്ഷത്രം ദിനത്തിലാണ് ക്ഷേത്രത്തിൽ നാഗപൂജ നടത്തുന്നത്. ആയില്യം നക്ഷത്രത്തിന്റെ കന്നഡ പദമാണ് ആശ്ലേഷം നക്ഷത്രം. ആ ദിവസം നടത്തുന്നതുകൊണ്ടാണ് ആശ്ലേഷ പൂജ എന്നുവിളിക്കുന്നത്. ആയില്യം ദിവസം ക്ഷേത്രത്തിൽ സമൂഹ നാഗ പൂജ നടത്താറുണ്ട്. അമ്പതും അറുപതും പേർ ഒരുമിച്ചാണ് സമൂഹ പൂജ നടത്തുന്നത്. ആ ദിവസത്തിന് തൊട്ടുമുമ്പായി ശ്രീലങ്കൻ പ്രധാനമന്ത്രിക്ക് വേണ്ടി ബേള ക്ഷേത്രത്തിൽ പ്രത്യേകമായാണ് ആശ്ലേഷ പൂജ ഒരുക്കുന്നത്. റെനിൽ വിക്രമസിംഗെയെ കുഴപ്പത്തിലാക്കുന്ന സർപ്പ ദോഷം അകറ്റുന്നതിന് ക്ഷേത്രം പൂജാരി രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമികത്വത്തിലാണ് പ്രത്യേക പൂജ നടത്തുക. 
രാമചന്ദ്ര അഡിഗയുടെ അനുജനും തൃശൂർ ഇരിഞ്ഞാലക്കുടയിൽ താന്ത്രികാചാര്യനും ജ്യോതിഷ പണ്ഡിതനുമായ പത്മനാഭ ശർമ്മയിൽ നിന്നും ദൈവഹിതം അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചാണ് ശ്രീലങ്കൻ പ്രധാനമന്ത്രി നാഗപൂജ നടത്താൻ സമ്മതിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും കൊല്ലൂർ മൂകാംബിക, കർണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും അഷ്ടമംഗല്യ പ്രശ്‌നം നടത്തിവരുന്ന പത്മനാഭ ശർമ്മ ശ്രീലങ്കൻ ഭരണത്തിലെ പ്രമുഖരുമായി നല്ല ബന്ധത്തിലാണ്. നാഗപൂജ നടത്താൻ പൂജാരി നേരത്തെ സമയം കുറിച്ച് നൽകും. ആ ദിവസം വന്നു ചേരണം. കേന്ദ്രത്തിൽ ഭരണ പ്രതിസന്ധി ഉണ്ടായപ്പോൾ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം ബേള ക്ഷേത്രത്തിൽ വന്നിരുന്നു. മന്ത്രിമാർ എംഎൽഎമാർ, സിനിമാ താരങ്ങളായ കാവ്യാ മാധവൻ, ജയറാം തുടങ്ങിയ പ്രമുഖരും ഇവിടെയത്തി തൊഴുതു മടങ്ങാറുണ്ട്. ഇന്ന് രാവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വൈകിട്ട് മംഗളൂരുവിൽ നിന്ന് ഹെലികോപ്റ്ററിൽ ബേക്കൽ താജ് ഹോട്ടലിൽ എത്തും. നാളെ രാവിലെ ഏഴ് മണിക്ക് ക്ഷേത്രം ദർശനം നടത്തും. പൂജകളിൽ പങ്കെടുത്ത ശേഷം മടങ്ങും. 
സന്ദർശനം കണക്കിലെടുത്തു കർശന സുരക്ഷാ സംവിധാനമാണ് ബേളയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൂജാരി ഉൾപ്പെടെ 15 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർക്ക് പ്രത്യേകം പാസ് നൽകിയിട്ടുണ്ട്. പൂജാസമയത്ത് ക്ഷേത്രത്തിന് അകത്തേക്ക് ആരെയും കടത്തിവിടില്ല. ശ്രീലങ്കയിൽ നിന്നെത്തിയ പ്രത്യേക സുരക്ഷാ സംഘത്തിന്റെ വലയത്തിലായിരിക്കും ക്ഷേത്രവും പരിസരവും. 

Latest News