അബുദാബി- ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളുടെ ആശയങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഫിലിപ്പിനോ യുവാവിനെ അബുദാബി അപ്പീല്‍ കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 20 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം മുപ്പതുകാരനെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു.
പ്രതി ഉപയോഗിച്ച കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ക്യാമറകളും അടക്കമുള്ള മുഴുവന്‍ ഉപകരണങ്ങളും കണ്ടുകെട്ടുന്നതിനും ഭീകരത പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ക്ലോസ് ചെയ്യുന്നതിനും വിധിയുണ്ട്.
ഐ.എസ് അടക്കമുള്ള ഭീകര ഗ്രൂപ്പുകളില്‍ ചേര്‍ന്ന പ്രതി ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീകര സംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഈ സംഘടനകളില്‍ ചേരുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമായിരുന്നു.