റിയാദ്- ഖമീസ് മുഷൈത്തില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ അയച്ച പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടത്തിയത്. സന്‍ആയില്‍ നിന്നാണ് ഡ്രോണ്‍ പുറപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടു.
കിംഗ് ഖാലിദ് വ്യോമത്താവളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും കേണല്‍ മാലിക്കി പറഞ്ഞു.
ഹൂത്തി മിലീഷ്യകള്‍ക്കിടയിലെ നൈരാശ്യമാണ് അവര്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന് ഹൂത്തികള്‍ ശ്രമം തുടരുകയാണ്. ഹൂത്തികള്‍ നടത്തുന്ന ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും യുദ്ധക്കുറ്റങ്ങളാണ്. ഹൂത്തികളുടെ സൈനിക ശേഷി തകര്‍ക്കുന്നതിന് കടുത്ത നടപടികള്‍ തുടരുകയാണെന്നും തുടരുകയാണെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.