തിരുവനന്തപുരം- ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശി രാഖി (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാര്‍ഡാമിനടുത്തുള്ള അമ്പൂരി തോട്ടുമുക്കിലുള്ള അഖിലിന്റെ വീടിനു സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. അഴുകിയ നിലയിലാണ് മൃതദേഹം.
അവിവാഹിതയും എറണാകുളത്ത് സ്വകാര്യ കോള്‍ സെന്ററിലെ ജീവനക്കാരിയായ രാഖിയെ കഴിഞ്ഞ ജൂണ്‍ 21 മുതലാണ് കാണാതായത്. ഓഫീസിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടില്‍നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കളുടെ പരാതിയില്‍ പൂവാര്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. രാഖിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അവസാനമായി രാഖിയുടെ ഫോണ്‍ കോള്‍ അമ്പൂരിക്ക് സമീപത്തുനിന്നുമായിരുന്നു. അങ്ങനെയാണ് പട്ടാളക്കാരനും സുഹൃത്തുമായ അഖിലുമായുള്ള രാഖിയുടെ ബന്ധം അറിയുന്നത്. അഖിലിനുവേണ്ടി പുതുതായി പണിയുന്ന വീടിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. അഖിലിനു വിവാഹം ആലോചന നടന്നിരുന്നു. അഖിലും രാഖിയും തമ്മിലുള്ള വാക്കുതര്‍ക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നത്. പൂവാര്‍ നിന്നും 25 കിലോ മീറ്റര്‍ ദൂരമുള്ള സ്ഥലത്ത് രാഖി എങ്ങനെ എത്തിയെന്നും ആരുടെ കൂടെയാണ് പോയതെന്നും അന്വേഷിച്ചുവരികയാണ്.
മൃതദേഹത്തിനു ഒരു മാസത്തെ പഴക്കമുണ്ടെന്നു പോലീസ് പറയുന്നു. അഖിലും ഇയാളുടെ സഹോദരനും സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് അഖിലിന്റെ ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.