Sorry, you need to enable JavaScript to visit this website.

തന്നെ മർദിച്ചത് എസ്.ഐയെന്ന്  എൽദോ എബ്രഹാം

കൊച്ചി- തന്നെ ക്രൂരമായി മർദിച്ചത് എസ്.ഐ ആണെന്നും ലാത്തിയോടെ രണ്ടു കൈയും മുറുകെ പിടിച്ച് വാശിയോടെ തന്നെ മർദിക്കുകയായിരുന്നുവെന്നും പോലീസ് ലാത്തിച്ചാർജിൽ കൈ ഒടിഞ്ഞ് ചികിൽസയിൽ കഴിയുന്ന മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തനിക്ക് മർദനമേറ്റിട്ടില്ലെന്ന പ്രചാരണം കള്ളമാണ്. ബാലിശമായ പ്രചാരണമാണിത്. സുബോധമില്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് വഴങ്ങുന്ന ആളല്ല താൻ. മർദനത്തിൽ തന്റെ കൈക്കു പരിക്കുണ്ട്. ഒപ്പം പുറത്തും കഴുത്തിലും കാൽമുട്ടിനും പരിക്കുണ്ട്.  പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ചു വീണതിന്റെ ക്ഷതവും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ശരീരത്തിൽ നല്ല വേദനയുണ്ട്. തന്നെ പോലീസ് മർദിച്ചിട്ടില്ലെന്ന പോലീസിന്റെ വാദം അടിസ്ഥാന രഹിതമാണ്. പോലീസ് തന്നെ മർദിക്കുന്നതിന്റെ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ട്. തന്നെ പോലീസ് പുറത്തടിക്കുന്നതിന്റെ ചിത്രം ചില മാധ്യമങ്ങളിൽ വന്നിട്ടുമുണ്ട്. മർദിച്ചിട്ടില്ലെന്ന് പോലീസ് കള്ളം പറയുകയാണ്. തടിതപ്പാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. അത്തരം ന്യായങ്ങൾ നിലനിൽക്കില്ല. പോലീസിനെതിരെ സർക്കാരിന്റെ ഭാഗത്ത് നിന്നും കർശന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പോലീസുദ്യോഗസ്ഥർ അവർക്ക് പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടിയതായി അറിയാൻ കഴിഞ്ഞു. എന്തു പരിക്കേറ്റിട്ടാണ് അവർ ആശപത്രിയിൽ ചികിൽസ തേടിയിരിക്കുന്നതെന്നാണ് തനിക്ക് അവരോട് ചോദിക്കാനുള്ളതെന്നും എൽദോ എബ്രഹാം പറഞ്ഞു. ഒരു പരിക്കും പോലീസിനു പറ്റിയിട്ടില്ല. കലക്ടറുടെ റിപ്പോർട്ടിൽ പോലീസിനെതിരെ നടപടിയുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എൽദോ എബ്രഹാം പറഞ്ഞു. 
പോലീസ് ലാത്തിച്ചാർജിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കാര്യമായ പ്രതികരണം നടത്തിയില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അദ്ദേഹം ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നുണ്ട്. സിപിഐയും സിപിഎമ്മൂം തമ്മിലുണ്ടാകുന്ന തർക്കത്തിന്റെ പേരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ  മുന്നണിയിൽ ഭിന്നതയുണ്ടാകില്ലെന്നും ഒറ്റക്കെട്ടായി തന്നെ പ്രവർത്തിക്കുമെന്നും എൽദോ എബ്രഹാം പറഞ്ഞു.

Latest News