Sorry, you need to enable JavaScript to visit this website.

മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി സംഘർഷം, ഒൻപത് പേർക്ക് പരിക്ക്

കൊച്ചി- എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ ഏറ്റുമുട്ടി. ഒൻപത് പേർക്ക് പരിക്കേറ്റു. ഫ്രറ്റേണിറ്റി മൂവ്‌മെൻറ് യൂനിറ്റ് പ്രസിഡൻറ് അർഹംഷാ, പ്രവർത്തകരായ അഫ്‌നാൻ, സയാൻ, എസ്.എഫ്.ഐ പ്രവർത്തകരായ സുബിൻ, നിഖിൽ, അമൽ, അനഘ, അരുന്ധതി, ദിവ്യ എന്നിവരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. പ്രിൻസിപ്പാൾ അടച്ചുപൂട്ടിയ യൂനിയൻ ഓഫീസ് വീണ്ടും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിച്ചതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിലെത്തിയത്. യൂനിയൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടി ഓഫീസ് പോലെ പ്രവർത്തിച്ചിരുന്ന യൂനിയൻ ഓഫീസ് അടക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് ഓഫീസ് അടച്ചുപൂട്ടിയത്. എന്നാൽ ബുധനാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വീണ്ടും പൂട്ടുപൊളിച്ച് പ്രവർത്തനം ആരംഭിച്ചു. ഇതിനെതിരെ ഫ്രട്ടേണിറ്റിയുടെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകി. ശേഷം വൈകിട്ട് 3.15ഓടെ യൂനിയൻ ഓഫീസിന് മുന്നിലെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ യൂനിയൻ ഓഫീസിനുള്ളിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ഇവരുമായി വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അർഹംഷായെ നിലത്ത് തള്ളിയിട്ട് തലയിൽ ചവിട്ടിയായിരുന്നു മർദനമെന്നും പുറത്തുനിന്ന് എത്തിയവരും എസ്.എഫ്.ഐക്ക് വേണ്ടി അക്രമത്തിന് നേതൃത്വം നൽകിയെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു. അർഹംഷായുടെ തലയിലും കഴുത്തിലും പരിക്കുണ്ട്. അഫ്‌നാന് കഴുത്തിലും സയാന് കാലിലുമാണ് പരിക്ക്. അധ്യാപകരും മറ്റ് വിദ്യാർഥികളുമെത്തി പിടിച്ചുമാറ്റിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ഫ്രറ്റേണിറ്റി പ്രവർത്തകരായ നബീൽ, ആദിൽ, ഇല്യാസ്, നൗഫൽ, ജാസിം എന്നിവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അതേസമയം മാഗസിനുകളും മറ്റ് സാധനങ്ങളും യൂനിയൻ ഓഫീസിൽനിന്നും എടുത്ത് മാറ്റുന്നതിന് മുൻ മാഗസിൻ എഡിറ്റർ മുഹമ്മദ് യാസിൻ, യു.യു.സി ബോബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അനുവാദം വാങ്ങി താക്കോൽ വാങ്ങി വീണ്ടും മുറി തുറക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. ഇതിനിടെ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധവുമായെത്തി സംഘർഷമുണ്ടാക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. 
രാത്രികാലങ്ങളിൽ ഉൾപ്പെടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ യൂനിയൻ ഓഫീസിൽ പുറത്തുനിന്നെത്തുന്നവർ തമ്പടിക്കുന്നതായും രാഷ്ട്രീയ എതിരാളികളായ വിദ്യാർഥികളെ ഇവിടെ എത്തിച്ചുമർദിക്കുന്നുവെന്നും കെ.എസ്.യു പരാതി ഉന്നയിച്ചിരുന്നു.

Latest News