കൊച്ചി- സി. പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സർക്കാരിന്റെയും എൽഡിഎഫിന്റെയും ഭാഗമായിരുന്നുകൊണ്ട് ആഭ്യന്തര വകുപ്പിനെതിരെ പരസ്യമായി തെരുവിൽ യുദ്ധം ചെയ്യുന്നത് ആരെ സഹായിക്കാനാണെന്ന് സിപിഐ നേതൃത്വം പരിശോധിക്കണമെന്നും ഈ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റി സെക്രട്ടറി സി.കെ മോഹനൻ മാസ്റ്റർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. രമേശ് ചെന്നിത്തല സിപിഐ സമരത്തെ പിന്തുണച്ചതും സിപിഐ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈപ്പിൻ എളങ്കുന്നപ്പുഴ ഗവ.ആർട്സ് കോളേജിലും തുടർന്ന് ഞാറക്കൽ ഗവ.ആശുപത്രിയിലും ജൂലൈ 17 ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സർക്കാരിനും എസ്എഫ്ഐക്കുമെതിരായി സിപിഐ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മോഹനൻ വ്യക്തമാക്കി.
കെട്ടിടം പണി നടക്കുന്നത് മൂലം എളങ്കുന്നപ്പുഴ ഗവൺമെന്റ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസ് ഉള്ള ദിവസം രണ്ടാം വർഷ വിദ്യാർഥികൾക്ക് ക്ലാസുണ്ടാകാറില്ല. സംഭവ ദിവസം രണ്ടാം വർഷ വിദ്യാർഥികൾക്ക് ക്ലാസുണ്ടായിരുന്നില്ല. രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാരമായ വാക്ക് തർക്കമാണ് എസ്എഫ്ഐ - എഐഎസ്എഫ് തർക്കമായി മാറിയത്. ഈ സംഭവത്തിൽ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി അലീഷുൾപ്പെട്ടിരുന്നില്ല. എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായ അലീഷിനെ കോളേജിന് പുറത്തേക്ക് വന്നപ്പോൾ സ്ഥലത്തെ പ്രധാന ക്രിമിനിലുകളും കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളുമായ അജിത്ത്, അഖിൽ, രാഹുൽ എന്നിവർ കോളേജിന് പുറത്ത് വെച്ച് ക്രൂരമായി തല്ലുകയാണുണ്ടായത്. മുഖത്ത് പരിക്ക് പറ്റിയ അലീഷിനെ ഞാറക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഐഎസ്എഫ് പ്രവർത്തകരായ അഫ്രീദ്, വിഷ്ണു എന്നിവരേയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. എന്നാൽ ഇവർ രണ്ട് പേരും അലീഷിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഞാറക്കൽ പോലീസിന് അലീഷ് കൊടുത്ത മൊഴിയിലും ഇവരുടെ പേരില്ല. മർദനമേറ്റത് എസ്എഫ്ഐ നേതാക്കൾക്ക് മാത്രമാണ്.
സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും മണ്ഡലം സെക്രട്ടറി ഇ.സി ശിവദാസുമുൾപ്പെടെയുള്ള നേതാക്കൾ എഐഎസ്എഫ് പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. രാത്രി 7.30 മുതൽ 10.30 വരെ ഇവർ ആശുപത്രിയിലുണ്ടായിരുന്നു. ഈ സമയമൊന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പി രാജു വാഹനത്തിൽ കയറിപ്പോകാൻ നേരത്ത് ആ വാഹനത്തിന് പിന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സിപി.എം-ഡിവൈഎഫ്ഐ പ്രവർത്തകരുടേതായിരുന്നില്ല. എന്നിട്ടും സിപിഎം പ്രവർത്തകർ ബൈക്കുകൾ എടുത്തു മാറ്റുകയാണ് ചെയ്തത്. ഈ സമയം സിപിഐ ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ കേട്ടാലറയ്ക്കുന്ന തെറി പറയാൻ തുടങ്ങി. പി. രാജുവിനെ തടഞ്ഞു എന്നാരോപിച്ചത് സിപിഐ മണ്ഡലം സെക്രട്ടറി ഇ.സി ശിവദാസാണ്. ഇത് മറ്റുള്ളവർ ഏറ്റുപിടിക്കുകയായിരുന്നു. ശിവദാസ് പോലീസിനോട് മോശമായി പെരുമാറുകയുണ്ടായി. ഈ സമയം സിപിഎമ്മിന്റെയോ, എസ്എഫ്ഐയുടെയോ പ്രധാന നേതാക്കളാരും സ്ഥലത്തുണ്ടായിരുന്നില്ല. ആരും പി രാജുവിന്റെ വാഹനം തടഞ്ഞിട്ടില്ല. ഇതിനു വിരുദ്ധമായി സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞെന്ന വാർത്തയാണ് മാധ്യമങ്ങൾക്ക് നൽകിയത്. സിപിഐയുടെയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തി. പിന്നീട് ഐജി ഓഫീസിന് മുന്നിലേക്കും മാർച്ച് നടത്തി. ഇപ്പോൾ സർക്കാരിനും സിപി.എമ്മിനുമെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ദൗർഭാഗ്യകരമായി ഉണ്ടായ ഈ സംഭവങ്ങൾ ഇതോടെ അവസാനിപ്പിക്കാൻ സിപിഐ നേതൃത്വം തയാറാകണമെന്നും നുണ പ്രചരണം അവസാനിപ്പിക്കണമെന്നും വൈപ്പിൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടു.