തിരുവനന്തപുരം- ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി വെള്ളിയാഴ്ച മുതൽ ഡി.വൈ.എഫ്.ഐ സാമൂഹ്യ മാധ്യമ കാമ്പയിൻ ആരംഭിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സഞ്ജീവ് ഭട്ടിനെതിരെയുള്ള ഭരണകൂട ഭീകരത അന്തർദേശീയ ശ്രദ്ധയിൽ എത്തിക്കും വിധത്തിലുള്ള കാമ്പയിനാകും സംഘടിപ്പിക്കുക. നീതി തേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തെ ഡി.വൈ. എഫ്.ഐ പിന്തുണയ്ക്കും. ഡി.വൈ.എഫ്.ഐയുടെ ലീഗൽ സബ്കമ്മിറ്റി നിയമപരമായ സഹായങ്ങൾ കുടുംബത്തിന് നൽകും. വിഷയത്തിൽ ഐക്യപ്പെടാൻ ആഗ്രഹിക്കുന്നവരെ ഉൾപ്പെടുത്തി യോജിച്ച പോരാട്ടത്തിന് നേതൃത്വം നൽകും. കാമ്പയിന്റെ ഭാഗമായി തയാറാക്കിയ ജസ്റ്റിസ് ഫോർ സഞ്ജീവ് ഭട്ട് ബാഡ്ജ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് പ്രകാശനം ചെയ്തു.
സഞ്ജീവ് ഭട്ടിന്റെ മകൻ ശന്തനു ഭട്ട്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ.് സതീഷ്, സെക്രട്ടറി എ.എ റഹീം തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.