Sorry, you need to enable JavaScript to visit this website.

ശക്തമായി പ്രതിഷേധിക്കാൻ  സി.പി.ഐ തയാറാകണം -മുല്ലപ്പള്ളി

തിരുവനന്തപുരം- എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് തല്ലിച്ചതച്ചിട്ടും നിശ്ശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാൻ സി.പി.ഐ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു എം.എൽ.എയെ പോലീസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല.  സി.പി.എമ്മും സി.പി.ഐയും തമ്മിൽ എറണാകുളത്ത് നിലനിൽക്കുന്ന വിഭാഗീയതയാണ് പ്രശ്‌നങ്ങൾക്ക് ആധാരം.  സ്വന്തം പാർട്ടിയിലെ എം.എൽ.എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സി.പി.എമ്മും മുഖ്യമന്ത്രിയും സി.പി.ഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്ര കാലം ഇങ്ങനെ സഹിക്കാൻ സാധിക്കുമെന്ന് സി.പി.ഐ. ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പോലീസ് രാജാണ് കേരളത്തിൽ. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സർക്കാർ അധികാരമേറ്റ അന്നുമുതൽ സി.പി.ഐക്കു ലഭിക്കുന്നത് അവഹേളനം മാത്രമാണ്.
സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ,  വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയവർ നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് സി.പി.ഐ. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോൾ സി.പി.ഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പെരിയ ഇരട്ടക്കൊല ഉണ്ടായപ്പോഴും ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും സി.പി.ഐയുടെ ശബ്ദം കേരളം കേട്ടില്ല. ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റങ്ങൾക്ക് സി.പി.ഐ ഒത്താശ ചെയ്യുന്നു. സി.പി.എം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും സി.പി.ഐ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
യൂനിവേഴ്‌സിറ്റി, പി.എസ്.സി വിഷയങ്ങളിൽ കുറ്റവാളികൾക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി എടുക്കുന്നതിന് പകരം അവരെ വെള്ളപൂശുന്ന മുഖ്യമന്ത്രി എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് മുല്ലപ്പള്ളി ചേദിച്ചു.
കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസും വ്യാജ സീലും കുത്തുകേസ് പ്രതികളുടെ വീട്ടിൽ നിന്നും എസ്.എഫ്.ഐയുടെ ഓഫീസിൽ നിന്നും കണ്ടെടുത്തത്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നത്. യൂനിവേഴ്‌സിറ്റി കോളേജിൽ അധ്യാപകരും അനധ്യാപകരുമൊക്കെ ഈ കുംഭകോണത്തിൽ പങ്കാളികളാണ്.
സി.പി.എം നേതൃത്വം അറിയാതെ ഒരില പോലും യൂനിവേഴ്‌സിറ്റി കോളേജിൽ അനങ്ങില്ല. മധ്യപ്രദേശിൽ ഉണ്ടായ വ്യാപം അഴിമതിയെ അനുസ്മരിക്കുന്ന രീതിയിൽ നടന്ന ഈ കുംഭകോണമാണ് മുഖ്യമന്ത്രി ലാഘവത്തോടെ ന്യായീകരിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 
കുത്തുകേസിലെ ബഹുഭൂരിപക്ഷം പ്രതികളെയും ഇതുവരെയും പിടികൂടിയിട്ടില്ല. രാഷ്ട്രീയ ഇടപെടൽ മൂലം പോലീസ് അന്വേഷണം നിലച്ചമട്ടാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ മോഡി സർക്കാർ തകർത്തതുപോലെ തന്നെയാണ് പിണറായി സർക്കാർ പി.എസ്.സിയെയും സർവകലാശാലകളെയും തകർക്കുന്നതെന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന നീക്കങ്ങളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. കുറ്റമറ്റ രീതിയിൽ ഇതുവരെ പ്രവർത്തിച്ച് പോന്നിരുന്ന കേരള പി.എസ്.സിയുടെ പരിശുദ്ധി തന്നെ പിണറായി സർക്കാർ തകർത്തു. ആക്ഷേപങ്ങൾ നിലനിൽക്കെ കുത്തുകേസിലെ പ്രതികൾ പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടാനുണ്ടായ സാഹചര്യം പരിശോധിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

 

Latest News